മലപ്പുറം : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ പരാതിയുമായി കെ ടി ജലീൽ എംഎൽഎ. പി കെ ഫിറോസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് ജലീലിന്റെ പരാതി. വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് ആണ് കെ ടി ജലീൽ പരാതി നൽകിയിരിക്കുന്നത്.
ഒരു ജോലിയും ഇല്ലാത്തയാളും പരമ്പരാഗതമായി സ്വത്തുക്കൾ ഇല്ലാത്ത ആളുമാണ് പി കെ ഫിറോസ് എന്ന് ജലീൽ പരാതിയിൽ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന് പാര്‍ട്ടി എന്തെങ്കിലും ധന സഹായം നല്‍കിയതായും അറിവില്ല. പിന്നീട് എങ്ങനെ ഇത്രയധികം സ്വത്ത് സമ്പാദിച്ചു എന്ന് അന്വേഷിക്കണമെന്നാണ് ജലീൽ ആവശ്യപ്പെടുന്നത്.
നിയമബിരുദം എടുത്തിട്ടുണ്ടെങ്കിലും ഫിറോസ് അഭിഭാഷകവൃത്തി തൊഴിലായി സ്വീകരിച്ചിട്ടില്ല. 2011ല്‍ വിലപിടിപ്പുള്ള 12.5 സെന്റ് സ്ഥലം വാങ്ങിയപ്പോള്‍ ആധാരത്തില്‍ ബിസിനസ് എന്നാണ് പികെ ഫിറോസ് ചേര്‍ത്തിരുന്നത് എന്നും ജലീൽ സൂചിപ്പിക്കുന്നു. അന്നും ഇന്നും അദ്ദേഹം നടത്തുന്ന ബിസിനസുകള്‍ ദുരൂഹമാണ് എന്നതിനാൽ വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് നൽകിയ പരാതിയിൽ ജലീൽ വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post