റായ്പൂർ : ഛത്തീസ്ഗഡ്-ജാർഖണ്ഡ് അതിർത്തിയിൽ കമ്മ്യൂണിസ്റ്റ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഉന്നത നക്സലൈറ്റ് കമാൻഡർ കൊല്ലപ്പെട്ടു. സിപിഐ മാവോയിസ്റ്റ് ഏരിയ കമാൻഡർ നിലേഷ് മഡ്കാം ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ സാരന്ദ വനത്തിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്റ്റ് ശക്തികേന്ദ്രമായ ഇടതൂർന്ന കുന്നിൻ പ്രദേശമാണിത്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പോലീസിനും സുരക്ഷാ സേനയ്ക്കും നേരെ ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് സംയുക്ത മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്.
കൽഹാൻ/സാരന്ദ വനമേഖലയിൽ വിവിധ കമ്മ്യൂണിസ്റ്റ് ഭീകര നേതാക്കൾ ഒളിവിൽ കഴിയുന്നതായി ഓഗസ്റ്റ് 12 ന് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു സുരക്ഷാസേന മാവോയിസ്റ്റ് വിരുദ്ധ ദൗത്യം ആരംഭിച്ചിരുന്നത്. ഓഗസ്റ്റ് 13 ന് രാവിലെ 6:00 മണിയോടെ, ചൈബാസ ജില്ലാ പോലീസിന്റെയും കോബ്ര 209 കമാൻഡോ ഗ്രൂപ്പിന്റെയും സംയുക്ത സംഘം ഗോയിൽകേര പോലീസ് പരിധിയിലുള്ള ദുഗുണിയ-പൊസൈത-തുംബഗഡ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. തുടർന്ന് കമ്മ്യൂണിസ്റ്റ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ശക്തമായ വെടിവയ്പ്പ് നടന്നു. ഈ ഏറ്റുമുട്ടലിൽ ആണ് അരുൺ എന്നറിയപ്പെടുന്ന നിലേഷ് മഡ്കാം കൊല്ലപ്പെട്ടത്. പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ തുടരുകയാണ്.
Discussion about this post