വിയന്ന : ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേന പാകിസ്താന്റെ 6 യുദ്ധവിമാനങ്ങൾ എങ്കിലും വെടിവെച്ചിട്ടു എന്ന ഇന്ത്യൻ വ്യോമസേന മേധാവിയുടെ പ്രസ്താവന ശരിവെച്ച് അന്താരാഷ്ട്ര സൈനിക വിദഗ്ധർ. അഞ്ച് പാകിസ്താൻ വ്യോമസേന ജെറ്റുകളും ഒരു വലിയ വ്യോമസേനാ മുന്നറിയിപ്പ് വിമാനവും വെടിവച്ചിട്ടുവെന്ന എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്ങിന്റെ പ്രസ്താവനയാണ് ഇപ്പോൾ അന്താരാഷ്ട്ര സൈനിക വ്യോമയാന വിശകലന വിദഗ്ധരും അംഗീകരിക്കുന്നത്. അഞ്ചിൽ ഏറെ പാകിസ്താൻ യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടു എന്ന്
ഓസ്ട്രിയ ആസ്ഥാനമായുള്ള സൈനിക വ്യോമയാന വിദഗ്ധൻ ടോം കൂപ്പർ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ഒരു നിർണായക വിജയമായിരുന്നു എന്ന് മറ്റൊരു പ്രശസ്ത സൈനിക തന്ത്രജ്ഞനായ ജോൺ സ്പെൻസറും അഭിപ്രായപ്പെട്ടിരുന്നു.
എസ്-400 സർഫസ്-ടു-എയർ മിസൈൽ 300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളിൽ പതിച്ചതിനെക്കുറിച്ചുള്ള ഇന്ത്യൻ വ്യോമസേന മേധാവിയുടെ പ്രസ്താവനയും ടോം കൂപ്പർ അംഗീകരിച്ചു. അഞ്ച് പാകിസ്താൻ വിമാനങ്ങൾ മാത്രമല്ല, അതിലും കൂടുതൽ പാകിസ്താൻ വിമാനങ്ങൾ വെടിവച്ചിട്ടതിന്റെ തെളിവുകൾ ഞങ്ങൾ കണ്ടു. നിരവധി പാകിസ്താൻ വിമാനങ്ങൾ നശിപ്പിക്കപ്പെട്ട് നിലത്തു ചിതറി കിടക്കുന്നതിന്റെ തെളിവുകളും ഞങ്ങൾ കണ്ടു. എന്നാൽ ഇന്ത്യൻ വ്യോമസേനയോ ഇന്ത്യൻ സർക്കാരോ ഇതേക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല എന്നുള്ളതിനാലാണ് അന്താരാഷ്ട്ര സൈനിക വ്യോമയാന് വിശകലന വിധത്തിലും ഇക്കാര്യത്തിൽ മൗനം പാലിച്ചിരുന്നത് എന്നും ടോം കൂപ്പർ സൂചിപ്പിച്ചു.
മെയ് 7 രാത്രി മുതൽ മെയ് 10 വരെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള 72 മണിക്കൂർ പരിമിതമായ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം വലിയ രീതിയിൽ ആധിപത്യം പുലർത്തിയെന്നും ടോം കൂപ്പർ വ്യക്തമാക്കി. എസ്-400 സിസ്റ്റം ഉപയോഗിച്ച് വെടിവച്ച പാകിസ്താൻ മുൻകൂർ മുന്നറിയിപ്പ്, നിയന്ത്രണ വിമാനത്തെ സാബ് 2000 ആയി തിരിച്ചറിഞ്ഞ ഓസ്ട്രിയൻ സൈനിക വിദഗ്ധർ , 300 കിലോമീറ്റർ ദൂരത്തിൽ നിന്നുള്ള വിജയകരമായ ആക്രമണം ലോക റെക്കോർഡാണെന്ന എപി സിംഗിന്റെ അവകാശവാദത്തെയും അംഗീകരിച്ചു.
“കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ച് വെടിവെച്ചിടുന്നതിൽ ഏറ്റവും ദൈർഘ്യമേറിയ ദൂരപരിധിയാണിത്. ഇതൊരു ചരിത്ര നേട്ടമാണ്” എന്നായിരുന്നു ടോം കൂപ്പറിന്റെ പ്രതികരണം. ഇതിനു മുൻപ് റഷ്യ- യുക്രൈൻ യുദ്ധത്തിൽ രേഖപ്പെടുത്തിയ 200 കിലോമീറ്റർ ദൂരപരിധി ആയിരുന്നു ഏറ്റവും വലുതായി കണക്കാക്കപ്പെട്ടിരുന്നത്. ഇന്ത്യയുടെ ഈ നേട്ടത്തിന്റെ ഒരു പ്രധാന കാരണം ഇന്ത്യൻ വ്യോമസേന അവരുടെ എസ്-400 സർഫസ്-ടു-എയർ മിസൈൽ സംവിധാനം പാകിസ്താന്റെ അതിർത്തിയോട് വളരെ അടുത്തായി വിന്യസിച്ചിട്ടുഉള്ളതാണ് എന്നതായിരുന്നു. വളരെ അടുത്തായി പാകിസ്താൻ സൈന്യത്തിന്റെ പീരങ്കികളുടെ പരിധിക്കുള്ളിൽ നിന്നാണ് അത് മിസൈലുകൾ തൊടുത്തുവിടുന്നത്. സത്യത്തിൽ ഇത് വളരെ അപകടകരമായ ഒരു ദൗത്യമായിരുന്നു എന്നും ടോം കൂപ്പർ വ്യക്തമാക്കി.
Discussion about this post