ഷിംല : ഹിമാചൽ പ്രദേശിൽ മുത്തലാഖ് നിരോധന നിയമപ്രകാരം യുവാവിനെതിരെ കേസ്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ആയപ്പോൾ ഭാര്യ സന്ദർശിക്കാൻ വന്നതിന്റെ പേരിൽ മുത്തലാഖ് ചൊല്ലുകയായിരുന്നു എന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലാണ് സംഭവം നടന്നത്.
ഷബ്നം പർവീൺ എന്ന സ്ത്രീ നൽകിയ പരാതിയെ തുടർന്ന് ഭർത്താവ് സിദ്ദിഖ് മുഹമ്മദിനെതിരെ ആണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒരു റോഡപകടത്തിൽ പരിക്കേറ്റു സിദ്ദിഖ് മുഹമ്മദ് ആശുപത്രിയിൽ ആയപ്പോൾ ഷബ്നം ഇദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. ഇതിൽ പ്രകോപിതനായ സിദ്ദീഖ് ആശുപത്രിയിൽ വച്ച് തന്നെ ഷബ്നത്തെ മുത്തലാഖ് ചൊല്ലുകയായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയതോടെ ആണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.
ഷബ്നത്തിന്റെ രണ്ടാം വിവാഹമായിരുന്നു സിദ്ദിഖ് മുഹമ്മദുമായുള്ളത്. സിദ്ദിഖിന്റെ ചേട്ടനെയായിരുന്നു ഷബ്‌നം ആദ്യം വിവാഹം കഴിച്ചിരുന്നത്. അദ്ദേഹം മരിച്ചതിനെ തുടർന്ന് സഹോദരനായ സിദ്ദീഖ് ഷബ്നത്തെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യ വിവാഹത്തിൽ യുവതിക്ക് രണ്ട് മക്കളുമുണ്ട്. സിദ്ദിഖ് മുഹമ്മദ് മയക്കുമരുന്നിന് അടിമയാണ് എന്നാണ് യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്നത്. 2019 ലാണ് കേന്ദ്രസർക്കാർ രാജ്യത്ത് മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നത്. മുസ്ലീം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമം പാർലമെന്റ് പാസാക്കിയതിനെ തുടർന്ന് മുത്തലാഖ് നിയമവിരുദ്ധ ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചിരുന്നു. മൂന്നുവർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
Discussion about this post