ന്യൂഡൽഹി : 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു ‘അറ്റ് ഹോം’ പരിപാടി സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, മൂന്ന് സായുധ സേനാ മേധാവികൾ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, നിരവധി വിദേശ അംബാസഡർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ, കനത്ത മഴയെ അവഗണിച്ചും രാഷ്ട്രപതിയും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാനും സൈനിക മേധാവികളും ചേർന്ന് ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചിരുന്നു.
ഇന്ത്യയുടെ സായുധ സേനയുടെ ത്യാഗങ്ങളെ ആദരിക്കുന്ന ചടങ്ങായാണ് ദേശീയ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നത്. രണ്ട് വനിതാ വ്യോമസേനാ ഉദ്യോഗസ്ഥർ ആണ് ഈ ആദരാഞ്ജലിക്കായി പുഷ്പചക്രം വഹിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചടങ്ങിൽ പങ്കെടുത്തു. വ്യോമസേനാ മേധാവി അമർപ്രീത് സിംഗ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി എന്നിവർ ചേർന്ന് കനത്ത മഴയിലും സ്മാരകത്തിലേക്ക് മാർച്ച് നടത്തി.
2047 ആകുമ്പോഴേക്കും വികസിത സമ്പദ്‌വ്യവസ്ഥയായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു ഇന്നലെ രാജ്യത്തിന് നൽകിയ സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ശക്തമായ സാമ്പത്തിക പ്രകടനത്തെ പ്രസിഡന്റ് മുർമു ഊന്നിപ്പറഞ്ഞു, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യം 6.5 ശതമാനം ജിഡിപി വളർച്ച കൈവരിച്ചു. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റിയത് അഭിമാന നേട്ടമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
Discussion about this post