ജൂനോ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ അലാസ്കയിൽ വെച്ച് ഉന്നതതല ഉച്ചകോടി നടന്നു. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു കരാറിലും എത്താതെയാണ് ചർച്ച പിരിഞ്ഞത്. എന്നാൽ പുടിനുമായി നടത്തിയ ചർച്ച ഫലപ്രദമായിരുന്നു എന്ന് ട്രംപ് വിശേഷിപ്പിച്ചു. ചർച്ചകൾ സൃഷ്ടിപരവും പരസ്പര ബഹുമാനമുള്ളതുമായ അന്തരീക്ഷത്തിൽ നടന്നതായും വളരെ സമഗ്രവും ഉപയോഗപ്രദവുമായിരുന്നു എന്നും സംയുക്ത പത്രസമ്മേളനത്തിൽ ഇരു നേതാക്കളും പറഞ്ഞു. ഇനി മോസ്കോയിൽ വച്ച് കൂടിക്കാഴ്ച നടത്തണമെന്നും റഷ്യൻ പ്രസിഡണ്ട് ആവശ്യപ്പെട്ടു.
റഷ്യയും യുക്രെയ്നും തമ്മിൽ മൂന്ന് വർഷമായി നീണ്ടുനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെള്ളിയാഴ്ച അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ സുപ്രധാന കൂടിക്കാഴ്ച നടന്നത്. മൂന്നുമണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും സംയുക്ത പത്രസമ്മേളനം നടത്തിയെങ്കിലും വിശദമായ പ്രസ്താവനകൾ ഒന്നും തന്നെ നൽകിയില്ല. സാധാരണഗതിയിൽ ഓരോ വിഷയങ്ങളെക്കുറിച്ചും വാചാലൻ ആകാറുള്ള ട്രംപ് ഇത്തവണ മാധ്യമങ്ങളുടെ ചോദ്യങ്ങൾ അവഗണിക്കുന്നതും കാണാൻ കഴിഞ്ഞു.
യുക്രെയ്നിലെ ആഭ്യന്തര സാഹചര്യം റഷ്യയ്ക്ക് ‘അടിസ്ഥാന ഭീഷണി’ ഉയർത്തുന്നതാണെന്നും പുടിൻ പറഞ്ഞു. ഈ വിഷയത്തിന്റെ വേരുകൾ മനസ്സിലാക്കാൻ ഇപ്പോൾ യുഎസ് സർക്കാർ ശ്രമിച്ചിട്ടുണ്ട്, അത് ഞങ്ങൾക്ക് പ്രധാനമാണ് എന്നും പുടിൻ വ്യക്തമാക്കി. പുടിനുമായുള്ള സഹകരണത്തിൽ പുരോഗതി കൈവരിച്ച ശേഷം, റഷ്യൻ എണ്ണ വാങ്ങുന്നതിന് ചൈനയ്ക്ക് മേൽ തീരുവ ചുമത്തുന്നത് നിർത്തുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു പരാമർശവും നടത്തിയില്ല. ഉച്ചകോടിയിൽ ട്രംപിന് കാര്യമായ നേട്ടങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെങ്കിലും 2022 ൽ റഷ്യയുടെ ഉക്രെയ്‌നിലെ അധിനിവേശത്തിനുശേഷം പാശ്ചാത്യ നേതാക്കളാൽ ബഹിഷ്‌കരിക്കപ്പെട്ട പുടിന് യുഎസ് പ്രസിഡന്റുമായി മുഖാമുഖം നടത്തിയ ചർച്ചയിലൂടെ ആഗോളതലത്തിലുള്ള തന്റെ പ്രാധാന്യം വ്യക്തമാക്കാൻ കഴിഞ്ഞു.
Discussion about this post