ചെന്നൈ : തമിഴ്നാട്ടിൽ മന്ത്രിയുടെയും എംഎൽഎയുടെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഗ്രാമവികസന മന്ത്രി ഐ പെരിയസാമി, മകൻ ഡിഎംകെ എംഎൽഎ ഐപി സെന്തിൽ കുമാർ, മകൾ ഇന്ദ്രാണി എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇവരുമായി ബന്ധമുള്ള ഡിണ്ടിഗലിലെ മറ്റു വിവിധ സ്ഥലങ്ങളിലും ഇ.ഡി ഉദ്യോഗസ്ഥർ ശനിയാഴ്ച പുലർച്ചെ മുതൽ റെയ്ഡ് നടത്തി.
മധുര എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നൽകിയത്. ചെന്നൈയിലും ഡിണ്ടിഗലിലുമുള്ള മന്ത്രിയുടെ കുടുംബ വീടുകളിലും പരിശോധന നടത്തി. പെരിയസാമിക്കും കുടുംബത്തിനുമെതിരെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് (ഡിഎ) കേസ് അന്വേഷണം തുടരാൻ 2025 ഏപ്രിൽ 29 ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.
പളനി എംഎൽഎ ആണ് ഐ പെരിയസാമിയുടെ മകൻ ഐപി സെന്തിൽ കുമാർ. 2.1 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് മന്ത്രിയും മകനായ എംഎൽഎയും അന്വേഷണം നേരിടുന്നത്. 2006 നും 2010 നും ഇടയിൽ മന്ത്രിയായിരിക്കെ പെരിയസാമി, ഭാര്യ പി സുശീല, മക്കളായ പി സെന്തിൽകുമാർ, പി പ്രഭു എന്നിവരുടെ പേരിൽ അനധികൃതമായി 2.1 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
Discussion about this post