തിരുവനന്തപുരം : സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാര്‍ സഭ. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തുന്ന നടപടിയാണ് സിപിഎം സ്വീകരിച്ചതെന്ന് സീറോ മലബാർ സഭ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ ഈ നടപടി തികച്ചും അപലപനീയം ആണെന്നും സഭ വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനകളിലാണ് സഭ പ്രതിഷേധം അറിയിച്ചത്. എം വി ഗോവിന്ദന്റെ പ്രസ്താവനകൾ നിരുത്തരവാദപരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണെന്നും സിറോ മലബാര്‍സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സഭ ആർക്ക് നന്ദി പറയണം ആരെ വിമർശിക്കണം എന്നതില്‍ സിപിഎം ഇടപെടേണ്ടെന്നും സീറോ മലബാർ സഭ വ്യക്തമാക്കുന്നു.
ഛത്തീസ്ഗഡ് വിഷയത്തിൽ തങ്ങളെ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്ന നിലപാടാണ് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി സ്വീകരിച്ചത് എന്നാണ് സീറോ മലബാർ സഭ അറിയിക്കുന്നത്. സീറോ മലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രതിപത്തിയില്ല. സഭയുടെ രാഷ്ട്രീയം ഓരോ വിഷയങ്ങളിലും ഉള്ള നിലപാടുകളെ അടിസ്ഥാനമാക്കിയാണ്. ആർച്ച് ബിഷപ്പ് പറഞ്ഞത് സഭയുടെ പൊതു നിലപാടാണ്. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പാർട്ടിയെ സംരക്ഷിക്കുന്നതിനായി അനവസരത്തിലുള്ള പ്രസ്താവനകൾ വഴി ആർച്ച് ബിഷപ്പിനെ പൊതുസമൂഹത്തിന് മുന്നിൽ ആക്രമിക്കുകയാണ് ചെയ്തത് എന്നും സീറോ മലബാർ സഭ വ്യക്തമാക്കി.
Discussion about this post