ന്യൂഡൽഹി : ഡൽഹിയിൽ രണ്ട് സുപ്രധാന പദ്ധതികൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും. ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) ഏകദേശം 11,000 കോടി രൂപയുടെ രണ്ട് ദേശീയ പാത പദ്ധതികൾ ആണ് ഇന്ന് മോദി ഉദ്ഘാടനം ചെയ്യുന്നത്. ദ്വാരക എക്സ്പ്രസ് വേ, ഡൽഹി സെക്ഷനിലെ അർബൻ എക്സ്റ്റൻഷൻ റോഡ് -2 (യുഇആർ -2) എന്നിവയാണ് ഈ പദ്ധതികൾ.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഗതാഗതം സുഗമമാക്കുക, യാത്രാ സമയം കുറയ്ക്കുക, ഗതാഗതക്കുരുക്കിൽ നിന്ന് ഡൽഹി നിവാസികൾക്ക് ആശ്വാസം നൽകുക എന്നിവയാണ് ഈ പദ്ധതികളിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഡൽഹിയിലെ സ്ഥിരമായ ഗതാഗതക്കുരുവിന് ഒരു വലിയ മോചനം ആയിരിക്കും ഈ പദ്ധതികളിലൂടെ കൈവരിക്കാൻ കഴിയുന്നത്. ദേശീയതലസ്ഥാനത്തുനിന്നുള്ള ദീർഘദൂര യാത്രകൾ എളുപ്പമാക്കുന്നതിനായി ഡൽഹി-ജയ്പൂർ, ഡൽഹി-മുംബൈ ദേശീയ പാതകളുമായി പുതിയ ദേശീയപാതകളെ ബന്ധിപ്പിക്കുന്നതാണ്.
UER-2 (അർബൻ എക്സ്റ്റൻഷൻ റോഡ്-2) ഡൽഹിയുടെ വികസനത്തിൽ ഒരു പ്രധാന വഴിത്തിരിവാണെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വിശേഷിപ്പിച്ചു. നേരത്തെ രണ്ട് മണിക്കൂർ എടുത്തിരുന്ന ഐജിഐ വിമാനത്താവളത്തിലെത്താൻ ഇനി 40 മിനിറ്റിനുള്ളിൽ സാധിക്കും എന്നുള്ളതും ഈ പാതയുടെ ഒരു വലിയ സവിശേഷതയാണ്. ഈ പുതിയ പാതയിലൂടെ എൻസിആറിൽ നിന്ന് ചണ്ഡീഗഡിലേക്കുള്ള യാത്ര എളുപ്പമാക്കാനും കഴിയുന്നതാണ്.
Discussion about this post