2024 ലെ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആവേശ വിജയം ആരാധകർ ആരും തന്നെ മറക്കാനിടയില്ല. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു ആ ഫൈനലിനെക്കുറിച്ച് വിവാദ വെളിപ്പെടുത്തലുമായി രംഗത്ത്. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത ക്യാച്ച് കളിയിലെ വഴിത്തിരിവായി മാറിയ സംഭവം ആയിരുന്നു. ബൗണ്ടറി റോപ്പ് അല്പം പിന്നിലേക്ക് നീങ്ങിയാണ് കിടന്നതെന്നും ഇതാണ് ഇന്ത്യക്ക് ഗുണം ആയതെന്നും പറഞ്ഞ് അന്ന് വിവാദങ്ങളും ഉണ്ടായിരുന്നു. എന്തായാലും ക്യാച്ച് എടുക്കുന്നതിന് മുമ്പ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് മത്സരത്തിന്റെ കമന്റേറ്റർമാരിൽ ഒരാളായ റായിഡു വെളിപ്പെടുത്തിയിട്ടുണ്ട്.
‘അൺഫിൽട്ടർഡ് പോഡ്‌കാസ്റ്റ്’ എന്ന പരിപാടിയിൽ വേൾഡ് ഫീഡ് ടീം( commentary team) ബ്രോഡ്‌കാസ്റ്റ് ടീമിനെ സഹായിക്കുന്നതിനായി ചെയ്ത പ്രവർത്തി ആയിരുന്നു അത്. കസേരയിട്ടപ്പോൾ ബൗണ്ടറി റോപ്പ് അവരുടെ ടീം അല്പം പിന്നിലേക്ക് തള്ളി. എന്നിരുന്നാലും, കസേരയും സ്‌ക്രീനും മാറ്റിയതിനുശേഷവും, ബൗണ്ടറി റോപ്പ് അതിന്റെ യഥാർത്ഥ സ്ഥാനത്തേക്ക് നീക്കിയില്ല.
“വേൾഡ് ഫീഡ് കമന്റേറ്റർമാർ ഉണ്ടായിരുന്നു അന്ന്. ഇടവേളയിൽ, സാധാരണയായി സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ, പ്രക്ഷേപകർക്ക് എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ സഹായിക്കുന്നതിന് അവർ അവിടെ ഒരു കസേരയും സ്‌ക്രീനും സ്ഥാപിക്കുക എന്നതാണ്. അതുകൊണ്ടാണ് അവർ ബൗണ്ടറി റോപ്പ് പിന്നിലേക്ക് തള്ളിയത്. പക്ഷേ, റോപ്പ് അവർ പഴയ സ്ഥാനത്ത് തിരിച്ചുവെച്ചില്ല (സ്‌ക്രീനും കസേരയും നീക്കം ചെയ്‌തതിനുശേഷവും). അങ്ങനെയാണ് അന്ന് ബൗണ്ടറി റോപ്പ് അൽപ്പം വലുതായി തോന്നിയത്. ഞങ്ങൾക്ക് (കമന്റേറ്റർമാർക്ക്) അത് മുകളിൽ നിന്ന് കാണാൻ കഴിഞ്ഞു. അത് ദൈവത്തിന്റെ പദ്ധതിയായിരുന്നു,” പോഡ്‌കാസ്റ്റിലെ ചാറ്റിനിടെ റായിഡു പറഞ്ഞു.
ഒരുപക്ഷെ ബൗണ്ടറി റോപ്പ് അതിന്റെ പഴയ സ്ഥാനത്ത് ആയിരുന്നു എങ്കിൽ സൂര്യകുമാർ യാദവ് എടുത്ത ആ ക്യാച്ച് ഉറപ്പായിട്ടും സിക്സ് ആയി കലാശിക്കുമായിരുന്നു എന്നാണ് അമ്പാട്ടി റായിഡു പറയുന്നത്.
Discussion about this post