മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ രാഹുൽഗാന്ധിയ്ക്ക് തിരിച്ചടിയെന്നോണം രാഷ്ട്രീയ വിശകല വിദഗ്ധനും സെഫോളജിസ്റ്റുമായ സഞ്ജയ് കുമാറിന്റെ ക്ഷമാപണം. മഹാരാഷ്ട്രയിലെ രണ്ട് നിയമസഭാ സീറ്റുകളിലെ വോട്ടർമാരുടെ എണ്ണത്തിൽ സമീപകാല ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായതായി താൻ റിപ്പോർട്ട് ചെയ്ത പോസ്റ്റിന് തെറ്റുണ്ടെന്നാണ് സഞ്ജയ് കുമാർ ഏറ്റുപറഞ്ഞിരിക്കുന്നത്.
2024 ലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് ഡാറ്റ താരതമ്യം ചെയ്യുന്നതിനിടെ ഒരു പിശക് സംഭവിച്ചുവെന്നും, ഡാറ്റാ ടീം തെറ്റായി വായിച്ച ഒരു വരിയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റുകൾക്ക് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും 2024 എഎസിന്റെയും ഡാറ്റ താരതമ്യം ചെയ്യുമ്പോൾ പിശക് സംഭവിച്ചു. തുടർച്ചയായ ഡാറ്റ ഞങ്ങളുടെ ഡാറ്റ ടീം തെറ്റായി വായിച്ചു. അതിനുശേഷം ട്വീറ്റ് നീക്കം ചെയ്തു. ഒരു തരത്തിലുള്ള തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല,’ ലോക്നീതി-സിഎസ്ഡിഎസ് സഹ-ഡയറക്ടർ എക്സിൽ കുറിച്ചു.
ഇതോടെ ഈ ഡാറ്റ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങൾ പടച്ചുവിട്ട രാഹുൽ ഗാന്ധി രാജിവച്ച് പുറത്തുപോകണമെന്ന ആവശ്യം സോഷ്യൽമീഡിയയിൽ ഉയരുകയാണ്. ബിജെപിയും സഞ്ജയ് കുമാറിന്റെ മാപ്പുപറച്ചിൽ ഉയർത്തി രംഗത്തെത്തിയിട്ടുണ്ട്.
‘ക്ഷമാപണം പൂർത്തിയായി, സഞ്ജയ് കുമാർ പുറത്തായി. യോഗേന്ദ്ര യാദവിന്റെ ഈ ശിഷ്യൻ അവസാനമായി എന്തെങ്കിലും ശരിയാക്കിയത് എപ്പോഴാണ്? ഓരോ തിരഞ്ഞെടുപ്പിനും മുമ്പുള്ള അദ്ദേഹത്തിന്റെ എല്ലാ പ്രവചനങ്ങളിലും, ബിജെപി തോൽക്കുന്നതായി പറയപ്പെടുന്നു – തിരിച്ചും സംഭവിക്കുമ്പോൾ, ബിജെപി എങ്ങനെ വിജയിച്ചു എന്ന് ന്യായീകരിച്ചുകൊണ്ട് അദ്ദേഹം ടിവിയിൽ പ്രത്യക്ഷപ്പെടുന്നു. സൗകര്യപ്രദമാണ്. ടിവി പ്രേക്ഷകർ വിഡ്ഢികളാണെന്ന് അദ്ദേഹം കരുതുന്നുണ്ടാകണമെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്സിൽ കുറിച്ചു. മഹാരാഷ്ട്രയെക്കുറിച്ചുള്ള കോൺഗ്രസിന്റെ വ്യാജ വിവരണം നൽകാനുള്ള ആവേശത്തിൽ, സിഎസ്ഡിഎസ് സ്ഥിരീകരണമില്ലാതെ ഡാറ്റ പ്രസിദ്ധീകരിച്ചു. അത് വിശകലനമല്ല – ഇത് സ്ഥിരീകരണ പക്ഷപാതമാണ്.
മഹാരാഷ്ട്രയിലെ വോട്ടർമാരെ ആക്രമിക്കാൻ അദ്ദേഹം ആശ്രയിച്ച ഡാറ്റ ഇപ്പോൾ തെറ്റാണെന്ന് സമ്മതിച്ചിരിക്കുന്നു.’അപ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷനെ ലജ്ജയില്ലാതെ ലക്ഷ്യം വയ്ക്കുകയും യഥാർത്ഥ വോട്ടർമാരെ വ്യാജന്മാരെന്ന് വിളിക്കുകയും ചെയ്ത രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും നിലപാട് ഇപ്പോൾ എന്താണ് ? ലജ്ജാകരമാണെന്ന് അമിത് മാളവ്യ കുറിച്ചു.
തിരഞ്ഞെടുപ്പു കമ്മീഷനെതിരെ വിവിധ മാദ്ധ്യമങ്ങളിൽ ലേഖനമെഴുതിയ രാഹുൽ ഗാന്ധി മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ‘മാച്ച് ഫിക്‌സിങ്’ നടന്നുവെന്ന ആക്ഷേപം സമൂഹമാദ്ധ്യമങ്ങളിലൂടെയും ഉയർത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം, വോട്ടർ റജിസ്റ്റർ, പോളിങ് ശതമാനം എന്നിവയിൽ തിരിമറി നടത്തിയും, കള്ളവോട്ടിലൂടെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും ആയിരുന്നു രാഹുലിന്റെ ആരോപണം.
Discussion about this post