സഞ്ജു സാംസൺ, മലയാളികളുടെ അഭിമാന താരം ഇന്ത്യൻ ടീമിൽ വല്ലപ്പോഴും വന്നു പോകുന്ന ഒരു അതിഥി താരമായിരുന്നു പലപ്പോഴും. മികവ് കാണിക്കുമ്പോൾ പോലും സ്ഥിരമായി സഞ്ജുവിന് അവസരം കിട്ടിയിരുന്നില്ല. പല പ്രമുഖ താരങ്ങളുടെയും നിഴലിൽ ആയിരുന്ന സഞ്ജു 2024 ൽ മൂന്ന് ടി 20 സെഞ്ചുറിയാണ് വാരിക്കൂട്ടിയത്. ഇതോടെ ഒരു കലണ്ടർ വർഷം ഇങ്ങനെ ഒരു നേട്ടം സ്വന്തമാക്കുന്ന താരവുമായി സഞ്ജു മാറി. സഞ്ജുവിനെ എങ്ങനെ ഒഴിവാക്കാം എന്ന് കാരണം തേടി നടന്ന ബിസിസിഐ സെലക്ടർമാർക്ക് ഇവനെ ഇനി ടീമിന് ആവശ്യമുണ്ട് എന്ന് പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.
ടി 20 യിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് താൻ എന്ന് ഈ നാളുകളിൽ തെളിയിച്ച സഞ്ജു ഇപ്പോൾ പ്രഖ്യാപിച്ച ഏഷ്യാ കപ്പിനുള്ള ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയി ഉൾപ്പെട്ടിട്ടുണ്ട്. ഇതിന് എല്ലാം അദ്ദേഹത്തെ സഹായിച്ചത് കഴിഞ്ഞ വർഷം നടത്തിയ ആ മിന്നും പ്രകടനം തന്നെ ആയിരുന്നു.
എന്നാൽ സഞ്ജുവിനെ തങ്ങൾ മെറിറ്റ് അടിസ്ഥാനത്തിൽ ഒന്നും അല്ല ടീമിൽ പരിഗണിച്ചത് എന്നും മറിച്ച് ഗില്ലും ജയ്‌സ്വാളും ഇല്ലാത്തത് കൊണ്ട് മാത്രമാണ് പരിഗണിച്ചത് എന്നും പറഞ്ഞിരിക്കുന്നത് അജിത് അഗാർക്കറാണ്. ടി 20 യിൽ മേൽപ്പറഞ്ഞ രണ്ട് താരങ്ങളെക്കാൾ എന്തുകൊണ്ടും മികച്ചവൻ ആയിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് അഗാർക്കർ സഞ്ജുവിനെക്കുറിച്ച് പറഞ്ഞത് എന്ന് വ്യക്തമല്ല.
പരിക്കോ മറ്റ് കാര്യങ്ങളോ താരങ്ങൾക്ക് ഉണ്ടാകുമ്പോൾ ” എന്നാൽ പിന്നെ അവൻ വരട്ടെ” എന്ന് പറഞ്ഞ് ടീമിലേക്ക് എൻട്രി നടത്തേണ്ട ഒരു ആൾ അല്ല സഞ്ജു എന്ന് അദ്ദേഹത്തിന്റെ ടി 20 യിലെ കണക്കുകൾ കാണിക്കും.
Discussion about this post