മലപ്പുറം : മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം. 11 വയസ്സുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം മൂന്നായി. നേരത്തെ രോഗബാധ സ്ഥിരീകരിച്ച മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞും ഒരു 40 വയസ്സുകാരനും ഇപ്പോഴും ചികിത്സയിലാണ്. ഇവരിൽ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് കോഴിക്കോട് സ്വദേശിയായ 9 വയസ്സുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നത്.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്കജ്വരം. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ക്ലോറിനേറ്റ് ചെയ്യാത്തതോ ആയ വെള്ളത്തിൽ കാണപ്പെടുന്ന ഈ അമീബ സാധാരണഗതിയിൽ മൂക്കിനുള്ളിലൂടെയാണ് തലച്ചോറിലേക്ക് പ്രവേശിക്കുന്നത്. മൂക്കിനേയും മസ്തിഷ്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിൽ എത്താവുന്നതാണ്. 97% മരണനിരക്കുള്ള രോഗബാധയാണിത്.
Discussion about this post