ന്യൂഡൽഹി : ലോക്സഭയിൽ ഇന്ന് കേന്ദ്രസർക്കാർ അവതരിപ്പിച്ച മൂന്ന് സുപ്രധാന ബില്ലുകൾ വിശദ പരിശോധനകൾക്കായി സംയുക്ത പാർലമെന്ററി കമ്മിറ്റിയിലേക്ക് അയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചത്. ഭരണഘടന (നൂറ്റി മുപ്പതാം ഭേദഗതി) ബിൽ 2025, കേന്ദ്ര ഭരണ പ്രദേശ സർക്കാർ (ഭേദഗതി) ബിൽ 2025, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2025 എന്നിവയാണ് കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചത്. മൂന്ന് ബില്ലുകളും സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് അയയ്ക്കാനുള്ള നിർദ്ദേശം ലോക്സഭ പാസാക്കി.
മൂന്ന് ബില്ലുകളും സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് അയയ്ക്കാൻ അമിത് ഷാ ആണ് സഭയിൽ ശുപാർശ ചെയ്തത്. ബില്ലുകൾക്കെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തി ബഹളം സൃഷ്ടിച്ചു. ബില്ലുകളുടെ പകർപ്പുകൾ കീറി എറിഞ്ഞു കൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രധാനമന്ത്രിയെയോ, ഒരു മുഖ്യമന്ത്രിയെയോ, ഏതെങ്കിലും മന്ത്രിയെയോ അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്ത് 30 ദിവസമോ അതിൽ കൂടുതലോ തുടർച്ചയായി തടങ്കലിൽ വച്ചാൽ, അവർക്ക് സ്വയമേവ അവരുടെ സ്ഥാനം നഷ്ടപ്പെടുന്ന കേന്ദ്രസർക്കാരിന്റെ പുതിയ ബില്ലിനെതിരെ ആയിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന പ്രതിഷേധം.
Discussion about this post