മോസ്‌കോ : ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നിലവിൽ റഷ്യ സന്ദർശനത്തിലാണ് എസ് ജയശങ്കർ. അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തിൽ, റഷ്യയുമായുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദേശകാര്യ മന്ത്രിയുടെ റഷ്യ സന്ദർശനം. ഇതിനായി റഷ്യയിലെ പ്രധാന വ്യാപാര, നിക്ഷേപ കമ്പനികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇന്ത്യയുടെ ജിഡിപി 4 ട്രില്യൺ യുഎസ് ഡോളറിൽ കൂടുതലാണെന്നും 7 ശതമാനം നിരക്കിൽ വളരുന്ന ഇന്ത്യയ്ക്ക് വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് വലിയ വിഭവങ്ങൾ ആവശ്യമാണെന്നും ജയശങ്കർ റഷ്യൻ കമ്പനികളുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കി. ഇന്ത്യയും റഷ്യയും ഏറെക്കാലമായി തന്ത്രപരമായ പങ്കാളികളും മികച്ച സൗഹൃദം പുലർത്തുന്ന രാജ്യങ്ങളും ആണെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വലിയ രീതിയിൽ പുരോഗമിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ആഗോള സാഹചര്യങ്ങൾ ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകരമാണ് എന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.
മെയ്ക്ക് ഇൻ ഇന്ത്യ പോലുള്ള ഇന്ത്യൻ സർക്കാരിന്റെ സംരംഭങ്ങളെയും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെയും കുറിച്ച് വിദേശകാര്യ മന്ത്രി റഷ്യൻ കമ്പനികളുമായുള്ള ചർച്ചയിൽ പങ്കുവെച്ചു. ഇന്ത്യയിൽ വിദേശ കമ്പനികൾക്ക് ധാരാളം സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അതിവേഗം വളരുന്ന അടിസ്ഥാന സൗകര്യങ്ങൾ സംരംഭങ്ങൾക്ക് മികച്ച ബിസിനസ്സ് അവസരങ്ങൾ നൽകുന്നു. വളങ്ങൾ, രാസവസ്തുക്കൾ, യന്ത്രങ്ങൾ എന്നിവയുടെ വിതരണം ഉറപ്പാക്കാൻ കഴിയും. ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ നിലപാടുകളെ തുടർന്ന് ഇന്ത്യയും റഷ്യയും തമ്മിലുള്ള പരസ്പര സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയും കൂടുതൽ ഊഷ്മളമാവുകയും ചെയ്യുകയാണ് എന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
Discussion about this post