2025 ഏഷ്യാ കപ്പിനുള്ള ടീം ഇന്ത്യയുടെ ടീമിനെ പ്രഖ്യാപിച്ചതിന് ശേഷം ചീഫ് സെലക്ടർ അജിത് അഗാർക്കറുമായി ബന്ധപ്പെട്ട് ബിസിസിഐ ഒരു പ്രധാന തീരുമാനം എടുത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ കരാർ 2026 ജൂൺ വരെ നീട്ടിനൽകിയിരിക്കുകയാണ് ബിസിസിഐ. തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നു എങ്കിലും ഓഗസ്റ്റ് 21 നാണ് അത് പ്രഖ്യാപിച്ചത്.
ദി ഇന്ത്യൻ എക്സ്പ്രസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ബിസിസിഐ ഹാപ്പിയാണ്. അദ്ദേഹം 2023 ൽ സെലക്ഷൻ പാനലിൽ ചേർന്നതിനുശേഷം, ഇന്ത്യ 2024 ലെ ഐസിസി ടി 20 ലോകകപ്പും 2025 ൽ ചാമ്പ്യൻസ് ട്രോഫിയും നേടി. ഇതിൽ ഗില്ലിനെ പോലെ ഒരു യുവതാരത്തിന്റെ ബലത്തിൽ ഇംഗ്ലണ്ട് പരമ്പര 2-2 ന് സമനിലയിലാക്കാൻ ടീമിന് കഴിഞ്ഞത്തും ആ ടീം സെലെക്ഷനും ഒകെ അഗാർക്കർക്ക് ഗുണം ചെയ്തു. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ നിന്ന് വിരമിച്ചെങ്കിലും, ബെൻ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ടീമിനെതിരായ അഞ്ച് ടെസ്റ്റുകളിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു.
എസ്.എസ്. ദാസ്, സുബ്രതോ ബാനർജി, അജയ് രത്ര, എസ്. ശരത് തുടങ്ങിയവർ സെലക്ഷൻ കമ്മിറ്റിയിലുണ്ട്. എന്നിരുന്നാലും, സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ബി.സി.സി.ഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഒരു മാറ്റം പ്രതീക്ഷിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ശരത് സെലക്ഷൻ റോളുകളിൽ നാല് വർഷം പൂർത്തിയാക്കി. ബി.സി.സി.ഐ നിയമങ്ങളും ചട്ടങ്ങളും പ്രകാരം അനുവദനീയമായ പരമാവധി കാലയളവാണിത്.
ബോർഡ് ഉടൻ തന്നെ പുതിയ അപേക്ഷകൾ ക്ഷണിക്കും എന്നാണ് വാർത്ത. മറ്റ് പാനൽ അംഗങ്ങളുടെ പ്രകടനത്തിൽ ബി.സി.സി.ഐ സംതൃപ്തയാണ്.
Discussion about this post