ശ്രീനഗർ : ജമ്മു കശ്മീർ അതിർത്തിയിൽ നിന്നും ഭീഷണി സന്ദേശവുമായി എത്തിയ ഒരു പ്രാവിനെ പിടികൂടി. ജമ്മു ജില്ലയിലെ ആർഎസ് പുരയിലെ അന്താരാഷ്ട്ര അതിർത്തിയിൽ (ഐബി) വെച്ചാണ് നഖങ്ങളിൽ കെട്ടിയിട്ട കത്തുമായി പ്രാവിനെ കണ്ടെത്തിയത്. ജമ്മു റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം നടത്തും എന്നായിരുന്നു ഭീഷണി സന്ദേശം.
ജമ്മു റെയിൽവേ സ്റ്റേഷനിൽ ഒരു ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) ഉപയോഗിച്ച് സ്ഫോടനം നടത്തും എന്നായിരുന്നു ഭീഷണി കത്തിൽ എഴുതിയിട്ടുള്ളത്. ഉറുദുവിലും ഇംഗ്ലീഷിലും കുറിപ്പുകൾ ഉണ്ട്. ‘കശ്മീരിന് സ്വാതന്ത്ര്യം’, ‘സമയം വന്നെത്തിയിരിക്കുന്നു’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും ഈ ഭീഷണി കുറിപ്പിൽ എഴുതിയിട്ടുണ്ട്.
അതിർത്തിക്കപ്പുറത്തേക്ക് ബലൂണുകൾ, പതാകകൾ, പ്രാവുകൾ എന്നിവ വിവിധ സന്ദേശങ്ങളുമായി അയയ്ക്കുന്നത് പോലുള്ള രീതികൾ പാകിസ്താന്റെ ഭാഗത്തുനിന്നും നേരത്തെയും ഉണ്ടായിട്ടുള്ളതിനാൽ സൈന്യം മേഖലയിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ഈ മേഖലയിൽ ഭീകര സന്ദേശവുമായി ഒരു പ്രാവിനെ പിടികൂടുന്നത് ഇത് ആദ്യമായാണ്. ഭീഷണി സന്ദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനും ട്രാക്കുകൾക്കും ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡോഗ് സ്ക്വാഡുകൾ, ബോംബ് നിർവീര്യമാക്കൽ സംഘങ്ങൾ, ലോക്കൽ പോലീസ് യൂണിറ്റുകൾ എന്നിവയെയും ജമ്മുവിൽ ഉടനീളം വിന്യസിച്ചിട്ടുണ്ട്.
Discussion about this post