ന്യൂഡൽഹി : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇരട്ടി ദൗത്യങ്ങൾ പൂർത്തിയാക്കിയതായി ചെയർമാൻ വി നാരായണൻ. 2005 നും 2015 നും ഇടയിൽ വിക്ഷേപിച്ച ദൗത്യങ്ങളുടെ ഇരട്ടി എണ്ണം 2015 നും 2025 നും ഇടയിൽ ഐഎസ്ആർഒ വിക്ഷേപിച്ചതായി അദ്ദേഹം വ്യക്തമാക്കി. അസാധാരണമായ പുരോഗതിയാണ് ഈ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഐഎസ്ആർഒക്ക് ഉണ്ടായിരിക്കുന്നത് എന്നും വി നാരായണൻ അഭിപ്രായപ്പെട്ടു.
“കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഐഎസ്ആർഒ മൂന്ന് പ്രധാന ദൗത്യങ്ങൾ പൂർത്തിയാക്കി. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായതും ഏറെ അഭിമാനകരമായിരുന്നു. ഗഗൻയാൻ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിലെ ആദ്യത്തെ അൺക്രൂഡ് ദൗത്യമായ ജി1, പകുതി ഹ്യൂമനോയിഡ് റോബോട്ടായ വ്യോമിത്രയുമായി വിക്ഷേപിക്കാൻ തയ്യാറായി കഴിഞ്ഞു. ഡിസംബറിൽ വിക്ഷേപണം പ്രതീക്ഷിക്കുന്നു ” എന്നും വി നാരായണൻ അറിയിച്ചു.
അടുത്ത 2-3 മാസത്തിനുള്ളിൽ മറ്റൊരു നാസ-ഐഎസ്ആർഒ ദൗത്യം വിക്ഷേപിക്കുമെന്നും, ഇന്ത്യയുടെ വിക്ഷേപണ വാഹനം 6,500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു. യുഎസ്എയുടെ ഏകദേശം 6,500 കിലോഗ്രാം ഭാരമുള്ള ആശയവിനിമയ ഉപഗ്രഹങ്ങൾ ആണ് ഇന്ത്യയുടെ വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് വിക്ഷേപിക്കുന്നത്. ഇതുവരെ, 34 രാജ്യങ്ങളുടെ 433 ഉപഗ്രഹങ്ങൾ ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ചു എന്നത് അഭിമാന നേട്ടമാണ് എന്നും ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ വ്യക്തമാക്കി.
Discussion about this post