കൊൽക്കത്ത : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച തൃണമൂൽ എംഎൽഎ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്കൂൾ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇ ഡി നടത്തിയ റെയ്ഡിനിടെ ആയിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. ബർവാൻ എംഎൽഎ ആയ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംഎൽഎ ജിബൻ കൃഷ്ണ സാഹ ആണ് പരിശോധനയ്ക്കിടെ ഓടിപ്പോകാൻ ശ്രമം നടത്തിയത്.
എംഎൽഎയെ ഓടിച്ചിട്ട് പിടിച്ചാണ് ഒടുവിൽ ഇ ഡി അറസ്റ്റ് ചെയ്തത്. മുർഷിദാബാദിലെ വീട്ടിൽ ഇ ഡി പരിശോധനയ്ക്ക് എത്തിയത് അറിഞ്ഞതോടെ എംഎൽഎ മതിൽ ചാടി ഓടി രക്ഷപ്പെടാൻ നോക്കുകയായിരുന്നു. എന്നാൽ വീടിനു പുറത്തുനിന്നിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥർ ഇയാളുടെ പിറകെ ഓടി പിടികൂടി. തുടർന്ന് ഇ ഡി എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി.
രക്ഷപ്പെടാൻ ശ്രമിച്ചത് കൂടാതെ എംഎൽഎ തന്റെ മൊബൈൽ ഫോൺ ഡ്രെയിനേജിലേക്ക് വലിച്ചെറിയുകയും ചെയ്തു. അത് പിന്നീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടെടുത്തു. എസ്‌എസ്‌സി റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാനത്തുടനീളം പരിശോധനകൾ നടത്തുന്നുണ്ട്. അധ്യാപക നിയമന അഴിമതി കേസിൽ ബർവാൻ എംഎൽഎ സാഹ നേരത്തെയും അറസ്റ്റിലായിട്ടുണ്ട്. 2023 ഏപ്രിൽ 17 ന് അറസ്റ്റിലായ ഇയാൾ 2024 ൽ ആണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
Discussion about this post