ശ്രീനഗർ : ജമ്മുകശ്മീരിൽ പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താൻ ഡ്രോണുകൾ കണ്ടെത്തി. മേഖലയിലെ പല പ്രധാന പ്രദേശങ്ങളിലും ഡ്രോണുകൾ കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലായി പാകിസ്താനിൽ നിന്നുള്ള ആറ് ഡ്രോണുകൾ പറക്കുന്നതാണ് കണ്ടെത്തിയത്.
മെന്ദാർ സെക്ടറിൽ, ബാലകോട്ട്, ലങ്കോട്ട്, ഗുർസായ് നല്ലാ പ്രദേശങ്ങൾക്ക് മുകളിലൂടെ ആയിരുന്നു പാകിസ്താൻ ഡ്രോണുകൾ പറന്നിരുന്നത്. ഡ്രോണുകൾ കൂടുതൽ ഉയരത്തിൽ പറന്നതിനാൽ അവയെ വേഗത്തിൽ തടയാൻ പ്രയാസമായിരുന്നു എന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഡ്രോണുകൾ കുറച്ച് മിനിറ്റ് പറന്നു നിന്ന ശേഷം പാകിസ്താൻ പ്രദേശത്തേക്ക് മടങ്ങിയതായി സൈന്യം അറിയിച്ചു.
മേഖലയിലെ ഇന്ത്യൻ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി നിരീക്ഷണ ആവശ്യങ്ങൾക്കായി വിന്യസിച്ചതായിരിക്കാം ഈ ഡ്രോണുകൾ എന്നാണ് സൂചന. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, ഇന്ത്യൻ സുരക്ഷാ സേന ഉടൻ തന്നെ ഈ പ്രദേശങ്ങൾ വളഞ്ഞു. മേഖലയിൽ തിരച്ചിലും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
Discussion about this post