രാജ്യത്തെ റീട്ടെയിൽ ഷോപ്പുകളിലും മറ്റും ഉപഭോക്താക്കളുടെ ഫോൺ നമ്പർ ശേഖരിക്കുന്നതിന് നിയന്ത്രണം വരുന്നു. റീട്ടെയിൽ കമ്പനികൾ ഉപഭോക്താക്കളിൽനിന്നു ശേഖരിക്കുന്ന ഫോൺ നമ്പറുകൾ വലിയ തുകയ്ക്ക് വിൽക്കുന്നതായി ആരോപണമുയർന്ന സാഹചര്യത്തിലാണ് നിയന്ത്രണം.കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതിയ ഡിജിറ്റൽ വ്യക്തിവിവരസംരക്ഷണ നിയമത്തിലാണ് ഇതിനുള്ള നിർദേശം.
ഫോൺ നമ്പർ ബാങ്ക് അക്കൗണ്ടുകളുമായും ആധാർ നമ്പറുമായും എല്ലാം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഫോൺ നമ്പർ സുപ്രധാന വ്യക്തിവിവരങ്ങളുടെ ഭാഗമാണ്. ഇത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്തിനാണ് ഇത്തരം വിവരങ്ങൾ വാങ്ങുന്നത്, എത്രകാലം ഇതു സൂക്ഷിക്കും, എപ്പോൾ സിസ്റ്റത്തിൽനിന്ന് ഒഴിവാക്കും എന്നിങ്ങനെയുള്ള വിവരങ്ങൾ ഉപഭോക്താക്കളെ സ്ഥാപനം അറിയിക്കണം. ഈ വിവരങ്ങൾ കൃത്യമായി അറിയിച്ച് ഉപഭോക്താക്കളുടെ അനുമതിയോടെമാത്രമേ ഫോൺനമ്പർ ശേഖരിക്കാവൂ എന്നും ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിലവിൽ റീട്ടെയിൽ ഷോപ്പുകളിൽ ഉപഭോക്താക്കളുടെ ഫോൺ നമ്പർ ബിൽ കൗണ്ടറുകളിൽ ചോദിച്ചുവാങ്ങുന്നുണ്ട്. ലോയൽറ്റി സ്‌കീമുകളുടെ പേരിലും ബിൽ ഫോണിലേക്ക് അയക്കുന്നതിന്റെ പേരിലുമാണ് ഇത്തരത്തിൽ ഫോൺ നമ്പർ വാങ്ങുന്നത്. ബിൽ ലഭിക്കുന്നതിന് ഇതൊരു ആവശ്യമായി ഉപഭോക്താക്കളും കാണുന്നു.
Discussion about this post