ന്യൂഡൽഹി : അന്താരാഷ്ട്ര നാണയ നിധിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ഊർജിത് പട്ടേലിന് നിയമനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ ആണ് ഊർജിത് പട്ടേൽ. മന്ത്രിസഭയുടെ നിയമന സമിതിയുടെ അംഗീകാരത്തിനുശേഷം കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ് പുതിയ നിയമനക്കാര്യം വ്യക്തമാക്കിയത്. മൂന്ന് വർഷത്തേക്കായിരിക്കും നിയമനം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 24-ാമത് ഗവർണറായി ഊർജിത് പട്ടേൽ 2016 സെപ്റ്റംബറിൽ ആയിരുന്നു ചുമതല ഏറ്റിരുന്നത്.
2018 ഡിസംബറിൽ അദ്ദേഹം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ സ്ഥാനത്ത് നിന്ന് രാജിവച്ചു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഐഎംഎഫിലൂടെ തന്നെയായിരുന്നു ഊർജിത് പട്ടേൽ തന്റെ നിർണായക കരിയറിന് തുടക്കം കുറിച്ചിരുന്നത്.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി.എസ്‌സി., ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് എം.ഫിൽ., യേൽ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്.ഡി. എന്നിവ പൂർത്തിയാക്കിയ ശേഷമായിരുന്നു ഊർജിത് പട്ടേൽ ഐഎംഎഫിൽ ആദ്യ നിയമനം നേടിയിരുന്നത്. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ (എഐഐബി) ഇൻവെസ്റ്റ്‌മെന്റ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റായും ഊർജിത് പട്ടേൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസിലും ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫിനാൻസ് കമ്പനിയിലും (ഐഡിഎഫ്‌സി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുടെ ചെയർമാനായും ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷനിൽ സീനിയർ ഫെലോയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post