ടോക്യോ : ചന്ദ്രയാൻ-5 ദൗത്യത്തിനായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോയും ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയും ഒന്നിച്ച് പ്രവർത്തിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബഹിരാകാശത്തെ മനുഷ്യരാശിയുടെ പുരോഗതിയിൽ വലിയ മുന്നേറ്റം തീർക്കാൻ ഇന്ത്യ-ജപ്പാൻ കൂട്ടുകെട്ടിന് കഴിയുമെന്ന് മോദി വ്യക്തമാക്കി.
ചന്ദ്രന്റെ ദക്ഷിണധ്രുവവും ഈ മേഖലയിൽ മറഞ്ഞിരിക്കുന്ന വിഭവങ്ങളും പര്യവേക്ഷണം ചെയ്യുന്നതിനാണ് ചന്ദ്രയാൻ-5 ദൗത്യം പ്രാധാന്യം നൽകുന്നത്. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ അഞ്ചാമത്തെ ദൗത്യമാണിത്. ഈ നിർണായക നീക്കത്തിന്റെ ഭാഗമായ LUPEX ദൗത്യത്തിനായുള്ള ഒരു കരാറിൽ ആണ് ഇന്ന് ഇന്ത്യയും ജപ്പാനും ഒപ്പുവച്ചത്. ജാക്സ വൈസ് പ്രസിഡന്റ് മത്സുര മയൂമിയും ഇന്ത്യൻ അംബാസഡർ സിബി ജോർജും തമ്മിൽ ഈ കരാർ കൈമാറി.
ഈ ദൗത്യത്തിന് കീഴിൽ, ജപ്പാന്റെ H3-24L റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാൻ-5 ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. ദൗത്യത്തിന് ഉപയോഗിക്കുന്ന ലാൻഡറും ചില ശാസ്ത്രീയ ഉപകരണങ്ങളും ഇസ്രോ നിർമ്മിക്കും. ഇസ്രോയുടെ ലാൻഡറിനൊപ്പം ജപ്പാൻ അവരുടെ റോവറും അയയ്ക്കും. ജലഹിമം ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളിൽ, ഭാവിയിൽ മനുഷ്യവാസത്തിനും ആഴത്തിലുള്ള ബഹിരാകാശ ദൗത്യങ്ങൾക്കും ഇന്ത്യയും ജപ്പാനും പരസ്പര സഹകരണത്തോടെ നടത്തുന്ന ഈ ദൗത്യം നിർണായകമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Discussion about this post