ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെതിരെ അമ്പതിൽത്താഴെ ആയുധങ്ങൾ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂവെന്ന് വെളിപ്പെടുത്തി വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ നർമദേശ്വർ തിവാരി. തിരിച്ചടിക്കായി തിരഞ്ഞെടുക്കാനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഞങ്ങൾക്ക് ഒട്ടേറെ ലക്ഷ്യകേന്ദ്രങ്ങളുണ്ടായിരുന്നു. ഒടുവിൽ അത് ഒൻപതെണ്ണമായി ചുരുക്കി. പ്രധാനകാര്യം എന്താണെന്നാൽ അൻപതിൽ താഴെ ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ട് സംഘർഷം ഇല്ലാതാക്കാൻ നമുക്ക് കഴിഞ്ഞു. ഒരു യുദ്ധം തുടങ്ങാൻ വളരെ എളുപ്പമാണ്. പക്ഷേ, അത് അവസാനിപ്പിക്കൽ എളുപ്പമല്ല. അത് പ്രധാന കാര്യമായിരുന്നു. നമ്മുടെ സേനകളെ വിന്യസിക്കുമ്പോൾ ഈ കാര്യം മനസിലുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്തു തന്നെ സംഭവിച്ചാലും നേരിടാൻ സൈന്യം തയാറായിരുന്നുവെന്ന് തിവാരി പറഞ്ഞു. മൂന്ന് നിർദേശങ്ങളാണ് ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ചു ന്യൂഡൽഹിയിലെ ഉന്നതകേന്ദ്രങ്ങളിൽനിന്ന് ലഭിച്ചത്. തിരിച്ചടി ദൃശ്യമായിരിക്കണം, ഭാവിയിലെ ആക്രമണങ്ങൾ തടയാനുള്ള സന്ദേശമായിരിക്കണം, യുദ്ധത്തിലേക്കു നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകണം എന്നിവയായിരുന്നു ഇത്. ശത്രുവിന്റെ നീക്കത്തിന് തിരിച്ചടിയായി എന്തു പദ്ധതിയും തയാറാക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് ലഭിച്ചിരുന്നു എന്നതാണ് നമ്മളെ സഹായിച്ച പ്രധാന ഘടകം. അത് തീരുമാനമെടുക്കൽ വേഗത്തിലാക്കിയെന്നും തിവാരി പറഞ്ഞു.
Discussion about this post