ന്യൂസിലൻഡിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താത്ത ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ആർ. അശ്വിൻ. അർഷ്ദീപിനെപ്പോലുള്ള ഒരു മികച്ച താരത്തെ പുറത്തിരുത്തുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും അശ്വിൻ മുന്നറിയിപ്പ് നൽകി.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ അർഷ്ദീപിനായി വാദിച്ചത്. 14 ഏകദിനങ്ങളിൽ നിന്ന് 22 വിക്കറ്റുകൾ നേടിയിട്ടുള്ള അർഷ്ദീപിനെക്കാൾ മുകളിൽ പ്രസീദ്ധ് കൃഷ്ണയ്ക്കാണ് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും മുൻഗണന നൽകുന്നത് എന്ന കാഴ്ച നമ്മൾ ഇതിനകം കണ്ട് കഴിഞ്ഞതാണ്. “അർഷ്ദീപിൻറെ അവസ്ഥ ആലോചിക്കുക? മികച്ച പ്രകടനം നടത്തിയിട്ടും ഇന്നും ടീമിലെ തന്റെ സ്ഥാനത്തിനായി അദ്ദേഹത്തിന് പോരാടേണ്ടി വരുന്നു. ഇത് ആത്മവിശ്വാസത്തിന്റെ കളിയാണ്. അടുത്ത തവണ കളിക്കുമ്പോൾ അർഷ്ദീപ് തളർന്ന അവസ്ഥയിൽ ആയിരിക്കും.”
ബാറ്റിംഗ് നിരയിൽ ഇത്തരം മാറ്റങ്ങൾ സംഭവിക്കാറില്ലെന്നും ബൗളർമാരെ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ കൈകാര്യം ചെയ്യുന്നതെന്നും അശ്വിൻ ചോദിച്ചു. “ഞാൻ ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ആളാണ്. അർഷ്ദീപ് പ്ലേയിംഗ് ഇലവനിൽ നേരിട്ട് എത്താൻ അർഹതയുള്ള കളിക്കാരനാണ്. മൂന്നാം ഏകദിനത്തിൽ അദ്ദേഹത്തെ കളിപ്പിക്കുമെന്ന് പറയുന്നത് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്. ആദ്യ 2 മത്സരങ്ങളിലും അവൻ കളിച്ചില്ല
2026 ടി20 ലോകകപ്പിൽ ഇന്ത്യയുടെ കുന്തമുനയാകേണ്ട താരത്തെ ഏകദിനങ്ങളിൽ പുറത്തിരുത്തുന്നത് ശരിയല്ലെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. പരമ്പരയിലേക്ക് വന്നാൽ ആദ്യ ഏകദിനത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡ് തിരിച്ചടിച്ചു. നിലവിൽ പരമ്പര 1-1 എന്ന നിലയിലാണ്. പരമ്പര വിജയിയെ നിശ്ചയിക്കുന്ന നിർണ്ണായകമായ മൂന്നാം ഏകദിനം ഞായറാഴ്ച ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കും.













Discussion about this post