ലഖ്‌നൗ : നോയിഡയിലെ സെക്ടർ 80 ൽ റാഫെ എംഫൈബർ പ്രൈവറ്റ് ലിമിറ്റഡിന്റെ ‘എയർക്രാഫ്റ്റ് എഞ്ചിൻ ആൻഡ് ഡിഫൻസ് എയ്‌റോസ്‌പേസ് ടെസ്റ്റ് ഫെസിലിറ്റി’ എന്ന പ്രതിരോധ ഉപകരണങ്ങളുടെയും എഞ്ചിൻ പരീക്ഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം പ്രതിരോധ മന്ത്രി രാജ്നനാഥ് സിംഗ് നിർവഹിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് പ്രതിരോധമന്ത്രിയെ സ്വാഗതം ചെയ്തത്. ലഖ്‌നൗവിൽ ബ്രഹ്മോസ് മിസൈൽ നിർമ്മാണ കേന്ദ്രം സ്ഥാപിച്ചതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് യോഗി ആദിത്യനാഥ് നന്ദി അറിയിച്ചു.
രാജ്യത്തെ തന്നെ ഏറ്റവും വലിയ എയ്‌റോ എഞ്ചിൻ പരീക്ഷണ കേന്ദ്രമാണ് ഉത്തർപ്രദേശിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. പ്രതിരോധ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാൻ യുപി സർക്കാർ 12,500 ഏക്കർ ഭൂമി അനുവദിച്ചതായി യോഗി അറിയിച്ചു. ഉത്തർപ്രദേശിൽ അലിഗഡ്, കാൺപൂർ, ആഗ്ര, ചിത്രകൂട് എന്നിവയുൾപ്പെടെ ആറ് ജില്ലകളിലായി ഒരു പ്രതിരോധ ഇടനാഴി വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ നിലവിലെ വെല്ലുവിളി മനസ്സിൽ വെച്ചുകൊണ്ട്, രാജ്യത്തെ ഉയർന്നുവരുന്ന രണ്ട് പ്രതിരോധ നിർമ്മാണ കേന്ദ്രങ്ങളിൽ ഒന്ന് ഉത്തർപ്രദേശിന് നൽകിയ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും നന്ദി അറിയിക്കുന്നതായും യോഗി അറിയിച്ചു. ഇന്ത്യയുടെ പ്രതിരോധ ശേഷി കൂടുതൽ വർദ്ധിപ്പിക്കാൻ ഉത്തർപ്രദേശിൽ സ്ഥാപിച്ച ഈ പ്ലാന്റിന് കഴിയുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. എയർക്രാഫ്റ്റുകളും മിസൈലുകളും മുതൽ ഡ്രോണുകൾ വരെ ഇവിടെ നിർമ്മിക്കുന്നതാണ്. ഇന്ത്യൻ സായുധ സേനയ്ക്കും പോലീസ് സേനയ്ക്കുമായുള്ള ഡ്രോണുകൾ, ആളില്ലാ ആകാശ വാഹന എഞ്ചിനുകൾ, മറ്റ് സംവിധാനങ്ങൾ എന്നിവയും റാഫേ എംഫൈബർ കമ്പനി നിർമ്മിക്കുന്നുണ്ട്.
Discussion about this post