2019-ൽ നൽകിയ ഒരു അഭിമുഖത്തിൽ, അതേ വർഷം തന്നെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അമ്പാട്ടി റായിഡുവിനെ ഉൾപ്പെടുത്താത്തതിന് വിരാട് കോഹ്‌ലിയെ വിമർശിച്ചതിനെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ അടുത്തിടെ പരാമർശിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിൽ വേദനിച്ചതിനെ തുടർന്ന് 2019 ജൂലൈയിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും റായിഡു വിരമിച്ചു.
കോഹ്‌ലിക്ക് എതിരായ വിമർശനവുമായി പൊതുജനങ്ങൾക്കിടയിൽ രംഗത്തെത്തിയതിനുശേഷം കോഹ്‌ലിയുമായുള്ള ബന്ധം വഷളായതായി ഉത്തപ്പ സമ്മതിച്ചു. എന്നിരുന്നാലും, അന്നത്തെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെക്കുറിച്ച് രൂക്ഷമായ പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് ആദ്യം കോഹ്‌ലിയുമായി കൂടിയാലോചിക്കേണ്ടതായിരുന്നുവെന്നും തനിക്ക് തെറ്റ് പറ്റിയെന്നും ഉത്തപ്പ പറഞ്ഞു.
“ആ സംഭാഷണത്തിൽ മുഴുവൻ വിരാടിനെക്കുറിച്ച് സംസാരിക്കുക എന്നതായിരുന്നില്ല ഉദ്ദേശ്യം. ആ അഭിമുഖം എന്നെക്കുറിച്ചായിരുന്നു. എന്നോട് ഒരു ചോദ്യം ചോദിച്ചു, ഞാൻ സംസാരിച്ചു. ആ സമയത്ത് വിരാടിന്റെ വികാരങ്ങൾ ഞാൻ പരിഗണിച്ചില്ല. ഞാൻ ഉദേശിച്ചത് ഇതാണെന്നോ എന്റെ മനസ് ഇങ്ങനെ ആണെന്നോ ഒന്നും വിരാടിനെ ഞാൻ പറഞ്ഞ് മനസിലാക്കിയില്ല. ഞങ്ങളുടെ ബന്ധത്തെയോ വിരാടുമായുള്ള എന്റെ സൗഹൃദത്തെയോ അത് സ്വാധീനിച്ചു. എല്ലാത്തിനും കാരണം ഞാൻ പറഞ്ഞ വാക്കുകൾ ആയിരുന്നു. സത്യത്തിൽ സംഭാഷണത്തിനൊക്കെ മുമ്പ് ഈ വിഷയവുമായി ബന്ധപ്പെട്ട് അയാളോട് സംസാരിക്കണമായിരുന്നു. തെറ്റാണ് പറ്റിയത്.” ഉത്തപ്പ പറഞ്ഞു,
“വിരാടുമായുള്ള എന്റെ അനുഭവത്തെക്കുറിച്ച് ഞാൻ സംസാരിച്ചില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തുകളിൽ ഒരാൾക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്. അത് അദ്ദേഹത്തിന്റെ, നേതൃത്വ ശൈലിയായിരുന്നു. എല്ലാവർക്കും അവരുടേതായ നേതൃത്വ ശൈലി ഉണ്ടായിരിക്കാൻ അർഹതയുണ്ട്, എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാനും അർഹതയുണ്ട്. കുറഞ്ഞത് അദ്ദേഹവുമായുള്ള എന്റെ ബന്ധത്തിന്റെ കാര്യത്തിൽ, ദേശീയ ടെലിവിഷനിൽ അതിനെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ഞാൻ അദ്ദേഹത്തോട് അതിനെക്കുറിച്ച് സംസാരിക്കേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി.” അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിന് നിരവധി മാസങ്ങൾക്ക് മുമ്പ്, ഇന്ത്യയുടെ നാലാം നമ്പർ ടീമിൽ ഇടം നേടാൻ റായുഡുവിനെ കോഹ്‌ലി പരസ്യമായി പിന്തുണച്ചിരുന്നു. എന്നിരുന്നാലും, ടൂർണമെന്റിനുള്ള ടീമിൽ റായിഡുവിനെ തിരഞ്ഞെടുത്തില്ല, പകരം സെലക്ടർമാർ ഓൾറൗണ്ടർ വിജയ് ശങ്കറിനെയാണ് തിരഞ്ഞെടുത്തത്.













Discussion about this post