ന്യൂഡൽഹി : റെയിൽവേ ജീവനക്കാർക്ക് ഒരു കോടി രൂപ വരെ ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ധാരണ പത്രം ഒപ്പുവെച്ചു. ഈ ധാരണാപത്രപ്രകാരം, എസ്‌ബിഐ ബാങ്കിൽ ശമ്പള അക്കൗണ്ടുള്ള റെയിൽവേ ജീവനക്കാർക്ക് ഒരു കോടി രൂപയുടെ അപകട മരണ ഇൻഷുറൻസ് ലഭിക്കുന്നതാണ്. കൂടാതെ സ്വാഭാവിക മരണത്തിന് പോലും ജീവനക്കാർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ഇതുവരെ, കേന്ദ്ര ഗവൺമെന്റ് എംപ്ലോയീസ് ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം (CGEGIS) പ്രകാരം, ഗ്രൂപ്പ് A, B, C ജീവനക്കാർക്ക് യഥാക്രമം ₹1.20 ലക്ഷം, ₹60,000, ₹30,000 എന്നിവയുടെ പരിരക്ഷ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ പുതിയ തീരുമാനം. ഇൻഷുറൻസ് ലഭ്യമാക്കുന്നതിനായി പ്രീമിയം അടയ്ക്കുകയോ പ്രത്യേക വൈദ്യ പരിശോധനകൾ നടത്തുകയോ ചെയ്യേണ്ടതില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
റെയിൽവേയിലെ ഏഴ് ലക്ഷം ജീവനക്കാർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 1.60 കോടി രൂപയുടെ വിമാന അപകട ഇൻഷുറൻസ് പരിരക്ഷ, റുപേ ഡെബിറ്റ് കാർഡിൽ ഒരു കോടി രൂപ വരെ അധിക പരിരക്ഷ, സ്ഥിരമായ പൂർണ്ണ വൈകല്യത്തിന് ഒരു കോടി രൂപ വരെ, സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെ എന്നിവ ഉൾപ്പെടുന്ന ഇൻഷുറൻസ് പരിരക്ഷയാണ് കേന്ദ്രസർക്കാരിന്റെ ഈ പുതിയ പദ്ധതി പ്രകാരം റെയിൽവേ ജീവനക്കാർക്ക് ലഭിക്കുക.
Discussion about this post