ലഖ്‌നൗ : ഭൂട്ടാൻ പ്രധാനമന്ത്രി ദാസോ ഷെറിംഗ് ടോബ്‌ഗെ അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി. രാംലല്ലയെ ദർശിച്ച ശേഷം അദ്ദേഹം സമുച്ചയത്തിൽ നിർമ്മിച്ച മറ്റ് ക്ഷേത്രങ്ങളിലും പ്രാർത്ഥനകൾ നടത്തി. അയോധ്യ വിമാനത്താവളത്തിൽ ഉത്തർപ്രദേശ് സർക്കാർ അദ്ദേഹത്തിന് ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. തുടർന്ന് അദ്ദേഹം നേരിട്ട് രാമക്ഷേത്രത്തിലെത്തി ദർശനം നടത്തുകയായിരുന്നു. രണ്ടുമണിക്കൂറോളം സമയം അദ്ദേഹം രാമക്ഷേത്രസമുച്ചയത്തിൽ ചെലവഴിച്ചു.
രാമക്ഷേത്ര ദർശനത്തിനുശേഷം ഭൂട്ടാൻ പ്രധാനമന്ത്രി ഉത്തർപ്രദേശ് സർക്കാരിന്റെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ഭൂട്ടാന്‍റെ പരമ്പരാഗത ശൈലിയിലുള്ള പ്രത്യേക സാംസ്കാരിക പരിപാടികളാണ് ഉത്തർപ്രദേശ് സർക്കാർ ഒരുക്കിയിരുന്നത്. ഇതോടൊപ്പം ഭൂട്ടാൻ പ്രധാനമന്ത്രിക്കായി പ്രത്യേക ഉച്ചഭക്ഷണ വിരുന്നും സംസ്ഥാന സർക്കാർ ഒരുക്കിയിരുന്നു.
ഉത്തർപ്രദേശ് കൃഷി മന്ത്രി സൂര്യ പ്രതാപ് ഷാഹി, മേയർ ഗിരീഷ് പതി ത്രിപാഠി, എംഎൽഎ വേദ് പ്രകാശ് ഗുപ്ത, മറ്റ് നിരവധി പൊതുപ്രതിനിധികൾ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ഉത്തർപ്രദേശ് സർക്കാരിന്റെ പ്രത്യേക പ്രതിനിധി, ജില്ലാ ഭരണകൂട പ്രതിനിധികൾ എന്നിവർ ചേർന്നാണ് രാമക്ഷേത്രത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയത്. സിആർപിഎഫിന്റെയും എടിഎസ്, എസ്ടിഎഫ് ഇനി സുരക്ഷാസേനയും പ്രത്യേക സുരക്ഷയായിരുന്നു ഭൂട്ടാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അയോധ്യയിൽ ഒരുക്കിയിരുന്നത്.









Discussion about this post