രാജസ്ഥാൻ റോയൽസിൽ (ആർആർ) കളിച്ചിരുന്ന കാലത്ത് മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡുമായി താൻ സംസാരിച്ച ഒരു കഥ ഇന്ത്യൻ വെറ്ററൻ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെ പറഞ്ഞിരിക്കുകയാണ്. ഒരു ഐപിഎൽ മത്സരത്തിനിടെ ഓസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസണുമായി കൊമ്പുകോർക്കാൻ താൻ ദ്രാവിഡിനോട് പറഞ്ഞു എന്നും രഹാനെ ഓർത്തു. തന്റെ നിർദ്ദേശം കേട്ട് ദ്രാവിഡ് പൊട്ടിച്ചിരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2011 നും 2013 നും ഇടയിൽ ആർആറിനു വേണ്ടി ഒരുമിച്ച് കളിച്ചപ്പോൾ നിരവധി അവസരങ്ങളിൽ രഹാനെയും ദ്രാവിഡും ടീമിനായി ബാറ്റിംഗ് ഓപ്പൺ ചെയ്തു. രഹാനെ കുറിച്ചത് ഇങ്ങനെ: “രാജസ്ഥാൻ റോയൽസിൽ അദ്ദേഹത്തോടൊപ്പം ഓപ്പണിംഗ് നടത്തിയത് ആശ്വാസകരമായി തോന്നി. ഒരു ഓപ്പണർ എന്ന നിലയിൽ ഞാൻ എന്റെ റോൾ ആസ്വദിക്കുക ആയിരുന്നു. എന്നാൽ ടി20 ക്രിക്കറ്റിന്റെ വേഗതയേറിയ സ്വഭാവത്തിലും ദ്രാവിഡ് വളരെ ശാന്തനായിരുന്നു. ആ കാലയളവിൽ ഞങ്ങൾക്ക് ഉണ്ടായിരുന്ന നിരവധി കൂട്ടുകെട്ടുകളിൽ, മിച്ചൽ ജോൺസൺ രാഹുൽ ഭായിയോട് കുറച്ച് വാക്കുകൾ പറയാൻ ശ്രമിച്ചപ്പോൾ, ദ്രാവിഡ് ദേഷ്യപെടുന്നതും ഞാൻ കണ്ടു! ഇത് കണ്ടിട്ട് ഞാൻ അദ്ദേഹത്തോട് കുറച്ചുകൂടി പറഞ്ഞുകൊള്ളൂ ഭായ് നിങ്ങളുടെ ഈ വശം ആളുകൾ കാണട്ടെ എന്ന്. അത് കേട്ടിട്ട് അദ്ദേഹം ചിരിച്ചു.” രഹാനെ ഓർത്തു.
2011-ൽ മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ ടി20യിൽ മറുവശത്ത് നിന്ന് സമിത് പട്ടേലിനെ മൂന്ന് സിക്സറുകൾ പറത്തി ദ്രാവിഡ് തന്റെ പ്രകടനം കണ്ടതിനെക്കുറിച്ചും മുൻ മുംബൈ ക്യാപ്റ്റൻ തുറന്നു പറഞ്ഞു. രവി ബൊപ്പാരയുടെ പന്തിൽ പുറത്താകുന്നതിന് മുമ്പ് ദ്രാവിഡ് 21 പന്തിൽ നിന്ന് 31 റൺസ് നേടി.
“ആ ഇന്നിംഗ്സിൽ രാഹുൽ ഭായ് മൂന്ന് സിക്സറുകൾ അടിച്ചതും അന്താരാഷ്ട്ര തലത്തിൽ ടൺ കണക്കിന് റൺസ് നേടിയതിനുശേഷവും അദ്ദേഹത്തിന്റെ ബാറ്റിംഗ് ആസ്വദിക്കുന്നതും ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും പുഞ്ചിരി തോന്നുന്നു. ആ നിമിഷം അദ്ദേഹത്തോടൊപ്പം പങ്കിടുന്നത് പ്രത്യേകമായിരുന്നു, കാരണം ഇതിഹാസങ്ങൾ അവരുടെ കംഫർട്ട് സോണുകളിൽ നിന്ന് പുറത്തുകടക്കാൻ തയ്യാറാണെന്ന് അത് എനിക്ക് കാണിച്ചുതന്നു,” രഹാനെ എഴുതി.
Discussion about this post