ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട പ്രാദേശിക ഭീകരൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുൽഗാമിലെ ഗുദർ വനമേഖലയിൽ 12 മണിക്കൂറിലധികം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ആണ് ഇന്ത്യൻ സൈന്യം രണ്ട് ഭീകരരെ കാലപുരിക്കയച്ചത്.
പഹൽഗാം ആക്രമണത്തിന് ശേഷം സൈന്യം പുറത്തിറക്കിയ 14 പ്രാദേശിക ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട ദർമദോറ ഷോപ്പിയാനിലെ ആമിർ അഹമ്മദ് ദാർ ആണ് കുൽഗാമിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ. ഇതോടെ ഈ പട്ടികയിലെ എട്ട് ഭീകരരെ ഇന്ത്യൻ സൈന്യം ഭൂമിയിൽ നിന്നും തുടച്ചു നീക്കി കഴിഞ്ഞു. ഇനി അവശേഷിക്കുന്ന ആറ് പേരിൽ മൂന്ന് ഹിസ്ബുൾ ഭീകരരും മൂന്ന് ലഷ്കർ ഭീകരരും ആണ് ഉൾപ്പെടുന്നത്.
കുൽഗാമിൽ കൊല്ലപ്പെട്ട ആമിർ ഒരു ‘സി കാറ്റഗറി’ തീവ്രവാദിയാണെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. 2023 സെപ്റ്റംബർ 30 മുതൽ ഇയാൾ പാക് തീവ്രവാദ സംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട് കശ്മീരിൽ വിവിധ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇയാൾ നേതൃത്വം നൽകിവന്നിരുന്നു. കുൽഗാമിൽ കൊല്ലപ്പെട്ട രണ്ടാമത്തെയാൾ പാകിസ്താൻകാരനായ ലഷ്കർ ഭീകരൻ റഹ്മാൻ ഭായ് ആണെന്നും സൈന്യം സ്ഥിരീകരിച്ചു.
Discussion about this post