പട്ന : ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്) 25 സീറ്റുകൾ പോലും നേടില്ലെന്ന് ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. ബീഹാറിൽ ജെഡിയു ജയിച്ചാൽ താൻ രാഷ്ട്രീയം വിടുമെന്നും പ്രശാന്ത് കിഷോർ അറിയിച്ചു. കിഷൻഗഞ്ച് ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
“കഴിഞ്ഞ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപി 100 സീറ്റ് കടക്കില്ലെന്ന് അന്ന് ഞാൻ പ്രഖ്യാപിച്ചിരുന്നു. അത് സത്യമായി. ബംഗാളിൽ കാവി പാർട്ടി 77 സീറ്റുകൾ മാത്രമാണ് നേടിയത്. അതുപോലെതന്നെ ഇത്തവണ ബീഹാറിൽ ജെഡിയു 25 സീറ്റുകളിൽ കൂടുതൽ കടക്കില്ല. ബീഹാറിൽ ജെഡിയു ജയിക്കുകയാണെങ്കിൽ ഞാൻ രാഷ്ട്രീയത്തിൽ നിന്ന് തന്നെ വിരമിക്കും” എന്നും പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു.
പ്രശാന്ത് കിഷോർ മദ്യമാഫിയയുമായി ഒത്തുകളിക്കുന്നുവെന്ന ജെഡിയു ദേശീയ ജനറൽ സെക്രട്ടറി മനീഷ് കുമാർ വർമ്മയുടെ ആരോപണത്തെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. തെരുവിൽ നടക്കുന്ന നായ്ക്കൾക്ക് ഞാൻ മറുപടി നൽകാറില്ല എന്നാണ് ഈ വിഷയത്തിൽ പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടത്. ബീഹാറിലെ ഭരണകക്ഷിക്ക് എതിരായ നീണ്ട പോരാട്ടത്തിൽ പോരാടാൻ മുസ്ലീങ്ങൾ ഹിന്ദുക്കളുമായി കൈകോർക്കണമെന്നും പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു.
Discussion about this post