2025 ലെ ഏഷ്യാ കപ്പിലൂടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ജേഴ്സിയിൽ തിരിച്ചെത്തും. ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഹാർദിക് ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. അതിനാൽ തന്നെ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് താരം ലക്ഷ്യമിടുന്നു. ഹാർദിക്കിന്റെ ഓൾറൗണ്ട് കഴിവുകൾ കണക്കിലെടുത്ത് ഹാർദിക് ടീമിന് വളരെയധികം മൂല്യം നൽകുന്നു, പക്ഷേ പരിക്കുകൾ അദ്ദേഹത്തിന്റെ കരിയറിൽ ഒരു വലിയ തടസ്സമായി പലപ്പോഴും മാറിയിട്ടുണ്ട്. ടി20 ലോകകപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, ഹാർദിക്കിനെ ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി എടുക്കാൻ ടീം ആഗ്രഹിക്കാത്തതിനാലും ബോളിങ് കഴിവുകൾ നോക്കുന്ന സാഹചര്യത്തിൽ താരത്തിന് ഈ ഏഷ്യാ കപ്പ് അതിനിർണായകമാണെന്ന് സാരം.
യുഎഇയിലെ സാഹചര്യങ്ങൾ ഒരു ബൗളർ എന്ന നിലയിൽ ഹാർദിക് പാണ്ഡ്യയ്ക്ക് അത്ര അനുയോജ്യമല്ല. പക്ഷേ അദ്ദേഹത്തിന്റെ വേരിയേഷൻ എതിരാളികളെ കുഴപ്പിക്കും. സീനിയർ താരം എന്ന നിലയിൽ ബുംറക്കൊപ്പം ഉള്ള പ്രാധാന്യം ഹാർദിക്കിന് ഉണ്ടാകും. ചില സമയങ്ങളിൽ ബോളിങ് സ്പെൽ തുടങ്ങേണ്ട ഉത്തരവാദിത്വം വരെ താരത്തിനുണ്ടാകും.
അതേസമയം, ടി20 ഏഷ്യാ കപ്പിൽ ഹാർദിക് പാണ്ഡ്യ ചരിത്രം ലക്ഷ്യമിടും. ഏഷ്യാ കപ്പ് ടി 20 ഫോർമാറ്റിൽ നടക്കുമ്പോൾ എട്ട് മത്സരങ്ങൾ കളിച്ച ഹാർദിക് 11 വിക്കറ്റുകളും 83 റൺസും നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ടൂർണമെന്റിൽ 17 റൺസ് കൂടി നേടിയാൽ, ടി20 ഏഷ്യാ കപ്പിൽ 100+ റൺസും 10+ വിക്കറ്റുകളും നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനായി താരം മാറും. ടി20 ഫോർമാറ്റ് ആസ്വദിക്കുന്ന ഹാർദിക്കിന് ഈ റെക്കോഡ് എളുപ്പത്തിൽ നേടാൻ സാധിക്കും എന്നാണ് കരുതപ്പെടുന്നത്.
ഇന്ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം, തുടർന്ന് സെപ്റ്റംബർ 14 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ഏവരും കാത്തിരുന്ന പോരാട്ടം നടക്കുക. സെപ്റ്റംബർ 19 ന് ഒമാനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം. കുറഞ്ഞത് രണ്ട് മത്സരങ്ങളെങ്കിലും വിജയിച്ചാൽ ഇന്ത്യ സൂപ്പർ 4 ലേക്ക് യോഗ്യത നേടും.
Discussion about this post