മലമ്പുഴ: നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പദ്ധതികള്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഉദ്ഘാടനം ചെയ്തുവെന്ന പരിഹാസം യുഡിഎഫ് സര്‍ക്കാരിന് നേരെ ഉയര്‍ത്തുന്നതിനിടെ സമാനമായ ആരോപണത്തില്‍ സിപിഎമ്മും. മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തത് ഇടത് മുന്നണിക്ക് തന്നെ തിരിച്ചടിയായി. നിര്‍മ്മാണം ഇനിയും പൂര്‍ത്തീകരിക്കാത്ത ബസ് സ്റ്റാന്റിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ നാലിനാണ് മലമ്പുഴ റോക്ക് പാര്‍ക്കിനു സമീപം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തത്. സ്റ്റാന്‍ഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കും. കെട്ടിടം മാത്രമാണ് ഏറെക്കുറെ പൂര്‍ത്തിയായത്. സ്റ്റാന്‍ഡിലേക്കുളള വാഹനങ്ങളും യാത്രക്കാരും പ്രവേശിക്കാനുളള റോഡും സ്റ്റാന്‍ഡ് പരിസരവും മണ്ണിട്ട് നികത്തിയ നിലയില്‍ തന്നെ കിടക്കുകയാണ്.
ഉദ്ഘാടനം നടത്തിയിട്ടും സ്റ്റാന്‍ഡില്‍ ഇതുവരെ ബസുകളൊന്നും കയറിത്തുടങ്ങിയിട്ടുമില്ല. മലമ്പുഴ പാര്‍ക്കില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് പുതിയ ബസ് സ്റ്റാന്റ്. പാര്‍ക്കില്‍ നിന്നും ഇത്രയും അകലെയായതിനാല്‍ നാട്ടുകാരും ബസ് ജീവനക്കാരും ഇവിടെ സ്റ്റാന്റ് നിര്‍മിക്കുന്നതിന് എതിരായിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് സ്റ്റാന്‍ഡ് നിര്‍മാണവുമായി അധികൃതര്‍ മുന്നോട്ടുപോയത്.
Discussion about this post