ദോഹ : ഖത്തറിലെ ദോഹയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ. ട്രംപിന്റെ നിർദ്ദേശപ്രകാരം തന്നെയാണ് ഹമാസ് നേതാക്കൾ ദോഹയിൽ നടന്ന യോഗത്തിൽ ഒത്തുകൂടിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സമയം നോക്കി ഇവിടെ ആക്രമണം നടത്താൻ ഇസ്രായേലിനെ പ്രേരിപ്പിച്ചതും ട്രംപ് തന്നെയാണെന്നാണ് സൂചന.
ട്രംപിനെ വളർത്താൻ ശ്രമിച്ച അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഖത്തറിനോട് കൊടും വഞ്ചനയാണ് ട്രംപ് കാണിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഖത്തർ സന്ദർശിച്ച ട്രംപിന് ഖത്തർ ഭരണകൂടം 400 മില്യൺ ഡോളറിന്റെ ഒരു പ്രൈവറ്റ് ജെറ്റ് സമ്മാനമായി നൽകിയിരുന്നത്. ഖത്തറും യുഎസ് പ്രതിരോധ വകുപ്പും തമ്മിലുള്ള ധാരണാപത്രം പ്രകാരം, യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വ്യോമഗതാഗത സംവിധാനമായ എയർഫോഴ്‌സ് വണ്ണിന്റെ ഭാഗമായി ഈ ജെറ്റ് ഉപയോഗിക്കും എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഈ വിഷയത്തിൽ ട്രംപിനെതിരെ അമേരിക്കയിൽ പ്രതിപക്ഷം രൂക്ഷ വിമർശനം ആയിരുന്നു ഉന്നയിച്ചത്. ഒരു വിദേശ രാജ്യത്തുനിന്നുള്ള കൈക്കൂലി എന്നായിരുന്നു പ്രതിപക്ഷം ഖത്തറിന്റെ ഈ സമ്മാനത്തെ വിശേഷിപ്പിച്ചിരുന്നത്.
ഒടുവിൽ ആ ഖത്തറിൽ തന്നെ വ്യോമാക്രമണം നടത്താൻ പിന്തുണ നൽകിയതും ട്രംപ് തന്നെയാണ്. ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നുവെന്ന് ട്രംപ് സമ്മതിച്ചു. ഇസ്രായേൽ ഖത്തറിൽ ആക്രമണം നടത്തും എന്ന വിവരം വളരെ നേരത്തെ തന്നെ അറിയാമായിരുന്നിട്ടും ട്രംപ് ഏറെ വൈകിയാണ് ഖത്തറിന് ഈ വിവരം കൈമാറിയത്. ദോഹയിൽ ആക്രമണം ആരംഭിച്ച് പത്ത് മിനിറ്റിനുശേഷം അമേരിക്കയിൽ നിന്ന് കോൾ വന്നതായാണ് ഖത്തർ ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി വ്യക്തമാക്കിയത്.
ഇതോടൊപ്പം ഇപ്പോൾ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം, ഗാസയിൽ വെടിനിർത്തൽ സംബന്ധിച്ച അമേരിക്കയുടെ ഏറ്റവും പുതിയ നിർദ്ദേശത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഹമാസിന്റെ രാഷ്ട്രീയ നേതൃത്വം ദോഹയിൽ യോഗം ചേരുന്നതിനെ കുറിച്ച് ട്രംപിന് വ്യക്തമായ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഹമാസ് നേതാക്കളുടെ ഈ യോഗം നടക്കുന്ന അതേസമയം നോക്കിയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അതിയായ ആഗ്രഹം പ്രകടിപ്പിക്കുന്ന ട്രംപിന്റെ ഇരട്ടത്താപ്പാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത് എന്നാണ് അറബ് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
Discussion about this post