കേരളത്തിൽ നിന്നും രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സി സദാനന്ദൻ മാസ്റ്റർ തനിക്ക് പാർലമെന്റിൽ നിന്നും ഉണ്ടായ അനുഭവങ്ങൾ ബ്രേവ് ഇന്ത്യ ന്യൂസിനോട് പങ്കുവെച്ചു. പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ തോന്നിയത് നിരാശയാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കുന്ന ഉപരി സഭയിൽ അംഗമായി എത്തിയത് ഏറെ കൗതുകത്തോടെ ആയിരുന്നു. നേരത്തെ ടെലിവിഷനിൽ മാത്രമായിരുന്നു സഭ നടപടിക്രമങ്ങൾ കണ്ടിരുന്നത്. സത്യപ്രതിജ്ഞ എങ്ങനെ വേണമെന്നുള്ളതിനെ കുറിച്ച് നേരത്തെ ഒരു പരിശീലനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ നൽകിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുൻപായി അന്നത്തെ സഭാ അധ്യക്ഷനായ ജഗ്ദീപ് ധൻഖർ ജി ഞാൻ ആരാണ് എന്നുള്ളതിനെ കുറിച്ച് ഒരു പരിചയപ്പെടുത്തൽ നടത്തി. കേരളത്തിന്റെ രാഷ്ട്രീയ ആക്രമണം അനുഭവിച്ച ആൾ ആണെന്ന് അദ്ദേഹം സഭയെ അറിയിച്ചു.”
“ആ ഒരു സംഭവത്തിലൂടെ എന്റെ മുഖം പലർക്കും പരിചിതമായി. പ്രതിപക്ഷത്തെ ജയറാം രമേശും മുകുൾ വാസ്നിക്കും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ളവർ സഭയുടെ ഇടനാഴികളിൽ ഒക്കെ വച്ച് കണ്ട് സംസാരിച്ചിരുന്നു. മാർക്സിസ്റ്റ് ആക്രമണങ്ങളെ കുറിച്ച് പരിചിതരായതിനാൽ തൃണമൂൽ എംപിമാരും സൗഹൃദത്തോടെ പെരുമാറി. എന്നാൽ സഭ സമ്മേളനം തുടങ്ങിയപ്പോൾ വലിയ നിരാശയായിരുന്നു തോന്നിയത്. ഏകദേശം 22 ദിവസത്തോളം ആയിരുന്നു രാജ്യസഭാ സമ്മേളനം ഉണ്ടായിരുന്നത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ഏത് ചർച്ചയ്ക്കും തയ്യാറാണെന്ന് ഭരണകക്ഷി നേതാവായ ജെപി നദ്ദ ആദ്യം തന്നെ സഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷം അനാവശ്യമായ ബഹളം സൃഷ്ടിക്കുകയായിരുന്നു. ഒടുവിൽ 17 മണിക്കൂർ നീണ്ട ഓപ്പറേഷൻ സിന്ദൂർ ചർച്ച നടത്തിയെങ്കിലും മറ്റൊരു പ്രധാന വിഷയത്തെക്കുറിച്ചും ചർച്ച നടത്താൻ പ്രതിപക്ഷം സഹകരിച്ചില്ല.”
“സഭയിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ഒന്നും തന്നെ ചർച്ച നടത്താൻ പ്രതിപക്ഷത്തിന്റെ നിസ്സഹകരണം മൂലം സാധിച്ചില്ല എന്നുള്ളത് വലിയ നിരാശയായിരുന്നു. പ്രതിപക്ഷത്തുള്ളവരിൽ പ്രഗൽഭരായ എംപിമാരും ഉണ്ട്. പക്ഷേ വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുക മാത്രമാണ് എല്ലാവരും ചെയ്യുന്നത്. അത് ഭാരതത്തിന്റെ ജനാധിപത്യ സങ്കല്പത്തിന് ചേരുന്നതല്ല. ഏറ്റവും പ്രധാനപ്പെട്ട ചില ബില്ലുകൾ സഭയിൽ ചർച്ചയ്ക്ക് വന്നപ്പോൾ പോലും, അതിനോട് വിമർശനാത്മകമായി പോലും പ്രതികരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല എന്നുള്ളത് നിരാശാജനകമായിരുന്നു” എന്നും സദാനന്ദൻ മാസ്റ്റർ ബ്രേവ് ഇന്ത്യ ന്യൂസിനോട് വ്യക്തമാക്കി.
Discussion about this post