2025 ഏഷ്യാ കപ്പ് ഓപ്പണറിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന് വിജയിച്ച മത്സരത്തിന് ശേഷം ശിവം ദുബൈയെ മൂന്നാമത്തെ സീം ബൗളിംഗ് ഓപ്ഷനായി ഇറക്കിയതിനെ മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേശ് ചോദ്യം ചെയ്തു. എട്ടാം നമ്പർ വരെ ബാറ്റിംഗ് ശക്തിപ്പെടുത്തുന്നതിനായി, ടീം ഇന്ത്യ യുഎഇയ്‌ക്കെതിരെ മൂന്ന് സ്പെഷ്യലിസ്റ്റ് ബൗളിംഗ് ഓപ്ഷനുകൾ മാത്രമാണ് തിരഞ്ഞെടുത്തത്.
ആദ്യ മത്സരത്തിൽ ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ശിവം ദുബൈ എന്നിവരാണ് ഓൾറൗണ്ടർമാരായി കളിച്ചത്. ദുർബലമായ ബോളിങ് ആക്രമണം ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ച് യുഎഇയെ 13.1 ഓവറിൽ 57 റൺസിന് പുറത്താക്കി. ബോളിങ് പ്രകടനം കൊണ്ട് ഈ കാലഘട്ടത്തിൽ അത്ര മികവ് ഒന്നും കാണിച്ചിട്ടില്ല എങ്കിലും മത്സരത്തിൽ രണ്ട് ഓവറിൽ 4 റൺ മാത്രം വഴങ്ങി 3 വിക്കറ്റ് എടുത്ത് ദുബൈ തിളങ്ങി.
എന്നിരുന്നാലും, യുഎഇക്കെതിരായ പ്രകടനം കാര്യമാക്കേണ്ട എന്ന് രമേശ് പറഞ്ഞു. ദുബെയെ മൂന്നാം സീമറായി ഉപയോഗിക്കാനുള്ള ഇന്ത്യയുടെ തന്ത്രം ശക്തമായ ടീമുകൾക്കെതിരെ തിരിച്ചടിയാകുമെന്ന് അദ്ദേഹം കരുതി.
“ടി20യിൽ ഹാർദിക് പാണ്ഡ്യ ഞങ്ങളുടെ മൂന്നാമത്തെ സീമറായി പ്രവർത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ, ശിവം ദുബെ നിങ്ങളുടെ മൂന്നാമത്തെ സീമറാണെങ്കിൽ, ഗ്രാഫ് അവിടെ തന്നെ താഴേക്ക് പോകുന്നു എന്നാണ് മനസിലാക്കേണ്ടത്. അതെ, അദ്ദേഹം ഇന്നലെ നന്നായി പന്തെറിഞ്ഞു, പക്ഷേ ആർക്കും നന്നായി പന്തെറിയാൻ കഴിയുന്ന ഒരു ടീമിനെതിരെയായിരുന്നു അത്,” അദ്ദേഹം പറഞ്ഞു.
“നല്ല ടീമുകൾക്കെതിരെ മുന്നോട്ട് പോകുമ്പോൾ ഇത് ഒരു വെല്ലുവിളിയായി മാറിയേക്കാം. ബൗളിംഗും മൂന്നാമത്തെ സീമിംഗ് ഓപ്ഷനും കാരണം മാത്രമാണ് അവർ റിങ്കു സിങ്ങിനെക്കാൾ ശിവം ദുബെയെ ഇഷ്ടപ്പെടുന്നത്. മാനേജ്മെന്റ് ശിവം ദുബെയിൽ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ഇത് ഒരു നല്ല കാര്യമാണ്, പക്ഷേ ആ വിശ്വാസം അയാൾ സൂക്ഷിക്കുമോ എന്ന് കണ്ടറിയണം.”
തന്റെ ടി20 കരിയറിൽ ഏകദേശം 50 ഓവറുകൾ പന്തെറിഞ്ഞ ദുബെ, 28.06 ശരാശരിയിലും 9.07 എന്ന ഇക്കോണമിയിലും 16 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
Discussion about this post