വാഷിംഗ്ടൺ : ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടകേസുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് ടൈംസ് ഡെമോക്രാറ്റുകളുടെ മുഖപത്രമായി പ്രവർത്തിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തുന്നു. പതിറ്റാണ്ടുകളായി തനിക്കെതിരെ ഇവർ വ്യാജ പ്രചാരണം നടത്തുകയാണ്. ന്യൂയോർക്ക് ടൈംസിന്റെ നടപടികൾ വഴി തനിക്ക് ഉണ്ടായ മാനനഷ്ടത്തിന് 15 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.
ഇടതുപക്ഷ തീവ്രവാദികളുടെ നിലപാടുകളാണ് ന്യൂയോർക്ക് ടൈംസ് സ്വീകരിക്കുന്നത് എന്നാണ് ട്രംപ് ആരോപിക്കുന്നത്. യുഎസ് ചരിത്രത്തിലെ ‘ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രം’ എന്നാണ് ന്യൂയോർക്ക് ടൈംസിനെ കുറിച്ച് ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രതികരിച്ചത്. തന്നെയും തന്റെ കുടുംബത്തെയും ബിസിനസുകളെയും ആക്രമിക്കുന്നത് കൂടാതെ റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള പ്രസ്ഥാനങ്ങളെക്കുറിച്ചും അമേരിക്ക ഫസ്റ്റ് മൂവ്‌മെന്റ്, മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ) തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും പത്രം നുണ പറയുകയാണെന്ന് ട്രംപ് ആരോപിച്ചു.
ഫ്ലോറിഡയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ആണ് ട്രംപ് ന്യൂയോർക്ക് ടൈംസിനെതിരായ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കമല ഹാരിസിനെ ന്യൂയോർക്ക് ടൈംസ് അംഗീകരിച്ചതിനെ തന്റെ പരാതിയിൽ പ്രത്യേകമായി വിമർശിച്ചിട്ടുണ്ട്. പത്രത്തിന്റെ പക്ഷപാതപരമായ പ്രവർത്തനത്തിനുള്ള വലിയ തെളിവാണ് ഇതെന്ന് ട്രംപ് ഹർജിയിൽ വ്യക്തമാക്കുന്നു.
Discussion about this post