ഇസ്ലാമാബാദ് : പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ തകർത്തു തരിപ്പണമാക്കിയ ഇന്ത്യയുടെ അഭിമാന ദൗത്യം ഓപ്പറേഷൻ സിന്ദൂറിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി ആദ്യമായി സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ്. ജെയ്‌ഷെ കമാൻഡർ മസൂദ് ഇല്യാസ് കശ്മീരി ആണ് ഒരു പൊതു പരിപാടിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ബഹാവൽപൂരിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ തങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന് മസൂദ് ഇല്യാസ് കശ്മീരി തുറന്നുപറയുന്ന വീഡിയോ ഇപ്പോൾ പാകിസ്താൻ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ തങ്ങളുടെ തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി മസൂദ് ഇല്യാസ് കശ്മീരി ഈ വീഡിയോയിൽ സമ്മതിക്കുന്നു. ഭീകര സംഘടനയ്ക്കുണ്ടായ നഷ്ടങ്ങൾ അംഗീകരിക്കുന്നതായും തങ്ങൾ എപ്പോഴും പാകിസ്താൻ സൈന്യത്തിനൊപ്പം നിൽക്കുമെന്നും ജെയ്‌ഷെ ഭീകരൻ തുറന്നുപറയുന്നുണ്ട്.
മെയ് 7 ന് ആണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ബഹാവൽപൂരിലെ ജെയ്‌ഷെ ആസ്ഥാനമായ ജാമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് ഇന്ത്യ മിസൈൽ ആക്രമണത്തിലൂടെ തകർത്തത്. ഏപ്രിൽ 22 ന് പഹൽഗാമിൽ 25 വിനോദസഞ്ചാരികളെ ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയതിന് ഉള്ള ഇന്ത്യയുടെ പ്രതികാരമായിരുന്നു ഇത്. ബഹവൽപൂർ ജെയ്‌ഷെ ആസ്ഥാനം കൂടാതെ പാകിസ്താനിലെ മറ്റ് എട്ട് ഭീകര കേന്ദ്രങ്ങൾ കൂടി ഇന്ത്യ തകർത്തു തരിപ്പണമാക്കിയിരുന്നു.
Discussion about this post