പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഥ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു. ഒരേസമയം നിരവധി ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ സിനിമയിൽ മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ ആണ് നരേന്ദ്ര മോദിയായി വേഷമിടുന്നത്. പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
‘മാ വന്ദേ’ എന്നാണ് പ്രധാനമന്ത്രിയുടെ കഥ പറയുന്ന ഈ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ്, തെലുങ്കു, തമിഴ്, മലയാളം, കന്നഡ, ഗുജറാത്തി, മറാത്തി തുടങ്ങിയ എല്ലാ ഇന്ത്യൻ ഭാഷകളിലുമായി ചിത്രം പുറത്തിറക്കും. തെലുങ്കു സംവിധായകനായ ക്രാന്തി കുമാർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. തെലുങ്കിലെ പ്രശസ്ത നിർമ്മാതാവായ വീർ റെഡ്ഡി ആണ് നിർമ്മാണം. ‘മാർക്കോ’ എന്ന മലയാള ചിത്രം ഇന്ത്യയിലാകെ തരംഗമായ സാഹചര്യത്തിലാണ് നിലവിൽ ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരുപോലെ ജനപ്രീതിയുള്ള ഉണ്ണി മുകുന്ദനെ മോദിയെ അവതരിപ്പിക്കാനായി നിർമ്മാതാക്കൾ തിരഞ്ഞെടുത്തിട്ടുള്ളത്.
ഏറെ സന്തോഷത്തോടെയാണ് ഉണ്ണി മുകുന്ദൻ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ചുവളർന്ന ഒരാളെന്ന നിലയിൽ നരേന്ദ്രമോദി കുട്ടിക്കാലം മുതലേ തനിക്ക് പരിചിതനാണെന്ന് ഉണ്ണിമുകുന്ദൻ സൂചിപ്പിച്ചു. പിന്നീട് അദ്ദേഹത്തെ നേരിട്ട് കാണാനും സംസാരിക്കാനും കഴിഞ്ഞത് വലിയ അനുഗ്രഹമായി. മാ വന്ദേ എന്ന ചിത്രത്തിൽ മോദിയുടെ രാഷ്ട്രീയ ജീവിതത്തിന് അപ്പുറമായി അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ വിവിധ സന്ദർഭങ്ങളും അദ്ദേഹവും അമ്മയുമായുള്ള അതുല്യമായ ബന്ധവും വരച്ചുകാട്ടപ്പെടുമെന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കി.









Discussion about this post