പട്ന : ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മരിച്ചുപോയ അമ്മയുടെ എഐ വീഡിയോ വൻ വിവാദങ്ങളാണ് സൃഷ്ടിച്ചിരുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ കോൺഗ്രസിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് ബീഹാർ ഹൈക്കോടതി. മോദിയുടെ അമ്മയുടെ എഐ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് ഉൾപ്പെടെ എല്ലായിടത്തുനിന്നും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി കോൺഗ്രസിനോട് ഉത്തരവിട്ടു.
ബിഹാർ കോൺഗ്രസ് പോസ്റ്റ് ചെയ്ത എഐ-നിർമ്മിത വീഡിയോ വലിയ രാഷ്ട്രീയ വിവാദത്തിനായിരുന്നു തിരികൊളുത്തിയിരുന്നത്. ബീഹാറിലും ദേശീയതലത്തിലും കോൺഗ്രസിന്റെ ഈ ചെയ്തിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. സെപ്റ്റംബർ 10 നാണ് ബീഹാർ കോൺഗ്രസ് യൂണിറ്റ് 36 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നത്. ‘തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിലെ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് വിമർശിക്കുന്ന മരിച്ചുപോയ അമ്മയെക്കുറിച്ച് പ്രധാനമന്ത്രി സ്വപ്നം കാണുന്നത് കാണാം’ എന്ന് തലക്കെട്ടോടെ ആയിരുന്നു വീഡിയോ പങ്കുവെച്ചത്.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയായിരുന്നു പ്രധാനമന്ത്രിയുടെ മരിച്ചുപോയ അമ്മയെ കോൺഗ്രസ് അവഹേളിക്കുന്നത്. ഓഗസ്റ്റ് 27 ന് ദർഭംഗയിൽ കോൺഗ്രസും ആർജെഡിയും നയിച്ച ‘വോട്ടർ അധികാർ യാത്ര’യിൽ , പ്രധാനമന്ത്രി മോദിക്കും അദ്ദേഹത്തിന്റെ അമ്മ ഹീരാബെൻ മോദിക്കും നേരെ പ്രതിപക്ഷ സഖ്യത്തിന്റെ നേതാക്കൾ അസഭ്യ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത തന്റെ അമ്മയെ കോൺഗ്രസ് ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് രാജ്യത്തെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും അപമാനമാണ് എന്നായിരുന്നു മോദി ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നത്.
Discussion about this post