സെപ്റ്റംബർ 14 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബദ്ധവൈരികൾ തമ്മിലുള്ള മത്സരത്തിനിടെ ഇന്ത്യ-പാക് ക്യാപ്റ്റൻമാർ തമ്മിലുള്ള ഹസ്തദാനം തടഞ്ഞ ഐസിസി മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് തങ്ങളോട് മാപ്പ് പറഞ്ഞതായി വെളിപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മത്സരശേഷമുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് പിസിബി ഐസിസിയോട് ആവശ്യപ്പെടുകയും ഏഷ്യാ കപ്പിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കണം എന്ന് പറയുകയും ചെയ്തു. എന്നിരുന്നാലും, ആ അഭ്യർത്ഥനഐസിസി അംഗീകരിച്ചില്ല.
തുടർന്ന് പാകിസ്ഥാൻ ഐസിസിയുടെ മുന്നിൽ അവരുടെ രണ്ടാമത്തെ ആവശ്യം വച്ചു. ആൻഡി പൈക്രോഫ്റ്റ് പാകിസ്ഥാന്റെ മത്സരങ്ങൾ നിയന്ത്രിക്കുന്നത് തടയണമെന്ന് ആയിരുന്നു അത്. പക്ഷേ ഈ അപേക്ഷ നിരസിക്കപ്പെട്ടു. യുഎഇയുമായുള്ള മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ ഭീഷണിപ്പെടുത്തുകയും കളിക്കാരോട് ഹോട്ടലിൽ തന്നെ തങ്ങാൻ പറയുകയും ചെയ്തു. ഒരുപാട് നാടകീയതകൾക്കും ചർച്ചകൾക്കും ശേഷം, ഒരു മണിക്കൂർ വൈകിയാണ് പാകിസ്ഥാൻ കളിക്കാൻ സമ്മതിച്ചത്.
ആൻഡി പൈക്രോഫ്റ്റ് തന്നെയാണ് പാകിസ്ഥാന്റെ മത്സരങ്ങൾ ഒടുവിൽ നിയന്ത്രിച്ചത്. “മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മാനേജരോടും ക്യാപ്റ്റനോടും ക്ഷമാപണം നടത്തി,” പിസിബി പ്രസ്താവനയിൽ പറഞ്ഞു. ആൻഡി പൈക്രോഫ്റ്റിന്റെ പെരുമാറ്റത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തെറ്റായ ആശയവിനിമയത്തിന്റെ ഫലമായാണ് ഈ സംഭവം ഉണ്ടായതെന്ന് പൈക്രോഫ്റ്റ് വിശേഷിപ്പിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു.
എന്തായാലും ഇന്നലെ നടന്ന മത്സരത്തിൽ യുഎഇയെ 41 റൺസിന് തോൽപ്പിച്ച് പാകിസ്താൻ ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ കടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടിയപ്പോൾ യുഎഇയുടെ മറുപടി 17. 4 ഓവറിൽ 105 റൺസിൽ ഒതുങ്ങി.
https://www.youtube.com/watch?v=BDCS-pkK3L8
Discussion about this post