ലണ്ടൻ : ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഈ വർഷം അവസാനത്തോടെ ഒപ്പുവെക്കാൻ കഴിയും എന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ. വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കണക്റ്റിവിറ്റി, കാലാവസ്ഥാ വ്യതിയാനം വരെയുള്ള വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതായിരിക്കും പുതിയ കരാറുകൾ. “ഞങ്ങൾ ഞങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണ്” എന്നാണ് ഇതുമായി ബന്ധപ്പെട്ട് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രംപിന്റെ താരിഫുകൾ നേരിടുന്നതിനാൽ, പുതിയ സഖ്യങ്ങൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ ഇരുപക്ഷവും ഇപ്പോൾ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ലോകത്തിലെവിടെയും ഇത്തരത്തിലുള്ള ഏറ്റവും വലിയ കരാറായിരിക്കും എന്നാണ് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുന്നത്. യൂറോപ്പ് ഇതിനകം തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെന്നും, ബിസിനസ്സിനായി എപ്പോഴും തുറന്നിരിക്കുന്നുവെന്നും ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.
അതേസമയം ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിലാണ് യൂറോപ്പിന് ആശങ്കയുള്ളത് എന്ന് യൂറോപ്യൻ യൂണിയന്റെ വിദേശനയത്തിന് നേതൃത്വം നൽകുന്ന ഉന്നത നയതന്ത്രജ്ഞനായ കാജ കല്ലാസ് സൂചിപ്പിച്ചു. ഇന്ത്യ റഷ്യയുമായി നടത്തുന്ന സംയുക്ത സൈനിക അഭ്യാസങ്ങളും റഷ്യയിൽ നിന്നുമുള്ള എണ്ണ വാങ്ങലും ഇന്ത്യയുമായുള്ള കൂടുതൽ അടുത്ത ബന്ധങ്ങൾക്ക് തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയങ്ങൾ ഇന്ത്യയോട് ഉന്നയിച്ചിട്ടുണ്ട് എന്നും കൂടുതൽ ചർച്ചകൾ തുടരുമെന്നും കാജ കല്ലാസ് അറിയിച്ചു.
Discussion about this post