ന്യൂഡൽഹി : കർണാടകയിലെ ആലന്ദിൽ 6000 വോട്ടുകൾ നീക്കം ചെയ്യപ്പെട്ടതായുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ പ്രതികരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സോഫ്റ്റ്‌വെയറുകളും ഫോണുകളും ഉപയോഗിച്ച് കർണാടകയ്ക്ക് പുറത്തുനിന്നുമുള്ള ആളുകളാണ് 6000 പേരുടെ വോട്ടുകൾ നീക്കം ചെയ്തത് എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ‘തെറ്റും അടിസ്ഥാനരഹിതവു’മാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ അറിവില്ലായ്മ ആണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സൂചിപ്പിച്ചു. പൊതുജനങ്ങൾക്ക് ഒരിക്കലും സ്വയം വോട്ടുകൾ നീക്കം ചെയ്യാൻ കഴിയില്ല. ഓൺലൈനിലൂടെ വോട്ടുകൾ നീക്കം ചെയ്യുക എന്നുള്ളത് അസാധ്യമാണ്. ഒരാളുടെ വോട്ട് നീക്കം ചെയ്യേണ്ടി വരുമ്പോൾ അയാളുടെ ഭാഗം കേൾക്കാതെ വോട്ടുകൾ നീക്കം ചെയ്യാറില്ല എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ആലന്ദിൽ വോട്ടുകൾ നീക്കം ചെയ്യാനായി ചില പരാജയപ്പെട്ട ശ്രമങ്ങൾ നടന്നിരുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ വിഷയത്തിൽ അന്വേഷണത്തിനായി എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. 2023ലെ തിരഞ്ഞെടുപ്പിൽ ഇവിടെ കോൺഗ്രസ് ആയിരുന്നു ജയിച്ചിരുന്നത് എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Discussion about this post