ശ്രീലങ്കൻ ഓൾറൗണ്ടർ ദുനിത് വെല്ലലേജിന്റെ പിതാവ് സുരംഗ വെല്ലലേജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അബുദാബിയിൽ അഫ്ഗാനിസ്ഥാനെതിരായ ശ്രീലങ്കയുടെ ആറ് വിക്കറ്റ് വിജയത്തിന് ശേഷമാണ് ടീം മാനേജ്‌മെന്റ് കളിക്കാരനെ പിതാവിന്റെ വിയോഗം അറിയിച്ചത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാനെതിരെ നാലോവർ എറിഞ്ഞ വെല്ലാവഗെ 49 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.
വെല്ലാലഗെയെ അഫ്ഗാൻ ഓൾറൗണ്ടർ മുഹമ്മദ് നബി ഒരോവറിൽ തുടർച്ചയായ അഞ്ച് സിക്‌സർ അടക്കം 32 റൺസ് നേടിയതും വാർത്തയായിരുന്നു. മത്സരത്തിൽ ശ്രീലങ്ക ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയതിന് ശേഷമാണ് പരിശീലകൻ സനത് ജയസൂര്യ താരത്തിന്റെ തോളിൽ കൈവെച്ച് സങ്കട വാർത്ത അറിയിക്കുക ആയിരുന്നു.
ജയസൂര്യ ഈ വിവരം അറിയിച്ചതിന് പിന്നാലെ താരം കരയുന്നതും പുറത്തുവന്ന വിഡിയോയിൽ കാണാൻ സാധിക്കും. സുരംഗ വെല്ലലേജ് മരിച്ചു എന്ന വാർത്ത മുൻ ലങ്കൻ താരവും കമന്റേറ്ററുമായ റസ്സൽ ആർനോൾഡ് ആണ് കമന്ററി ബോക്സിൽ നിന്ന് അറിയിച്ചത്. “സുരംഗ കുറച്ചു മുൻപ് അന്തരിച്ചു. അദ്ദേഹം ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു, ഞാൻ എന്റെ സ്കൂളായ സെന്റ് പീറ്റേഴ്‌സ് ടീമിനെ നയിച്ചപ്പോൾ പ്രിൻസ് ഓഫ് വെയിൽസ് കോളേജിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.” അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെ ഭാഗമായി ശ്രീലങ്ക വിജയം ആഘോഷിക്കില്ലെന്നും കളിക്കാരുടെ ഐക്യം സൂപ്പർ ഫോർ ഘട്ടത്തിൽ അവരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആർനോൾഡ് കൂട്ടിച്ചേർത്തു.
എന്തായാലും ഇന്നലത്തെ മത്സരത്തിലെ വിജയത്തോടെ സൂപ്പർ ഫോറിലേക്ക് ഗ്രുപ്പ് ബിയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി ലങ്ക കടന്നു. നാളെ ബംഗ്ലാദേശിനെതിരെയും 23ന് പാകിസ്താനെതിരെയും 26ന് ഇന്ത്യയ്‌ക്കെതിരെയുമാണ് ശ്രീലങ്കയുടെ സൂപ്പർ ഫോർ മത്സരങ്ങൾ.
https://twitter.com/i/status/1968752719146938396
Discussion about this post