ആഗോള അയ്യപ്പ സംഗമം നാളെ നടക്കാനിരിക്കെ അതെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. സംഗമത്തിന്റെ ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 3 സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തിൽ വിവിഐപികൾ അടക്കം പങ്കെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഭക്തരെ സ്വാധീനിക്കാനാണ് സംഗമം നടത്തുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഗമത്തിന് മുമ്പ് കൊണ്ടു പോയ സ്വർണം തിരികെ കൊണ്ടുവരണം എന്നും ആ കാര്യത്തിൽ ഉടൻ നടപടി വേണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്തായാലും ആഗോള അയ്യപ്പ സംഗമത്തെ ട്രോളി ഫെയ്‌സ്ബുക്കിൽ സുനീഷ് വാരനാട് പങ്കുവെച്ച കുറിപ്പ് ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്യുന്നതാണ്.
കുറിപ്പ് വായിക്കാം:
ബഹുമാനപ്പെട്ട ഗുരുവായൂരപ്പന് അനുജൻ അയ്യപ്പൻ എഴുതുന്നത്,
പ്രിയപ്പെട്ട ജ്യേഷ്ഠാ, അങ്ങയ്ക്കും ,അങ്ങയുടെ ഭക്തർക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു.ഇവിടുത്തെ കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ അല്ലേ? ആഗോള അയ്യപ്പ സംഗമാ വരാൻ പോകുന്നേ..അതെന്ത് സംഭവാന്ന് ചോദിച്ചാൽ ; ഈ ആഗോള താപനം, ആഗോള സമാധാനം എന്നൊക്കെ പറയുമ്പോലെ എൻ്റെ ചില ഭക്തർക്ക് ആഗോളതലത്തിലുണ്ടായ താപം ശമിപ്പിപ്പിച്ച് അവരെ ആഗോള സമാധാനത്തിൽ കൊണ്ടുവരാൻ ഒരു ആഗോള സംഗമം ! പഴയ പുകിലൊക്കെ ജ്യേഷ്ഠനും ഓർമ്മയില്ലേ? അതിനൊരു പ്രായശ്ചിത്ത കർമ്മം. അങ്ങ് തന്നെ ഭഗവദ്ഗീതയിലെ ഒമ്പതാം അദ്ധ്യായത്തിൽ അരുളിചെയ്തത് പോലെ
‘അപി ചേത് സുദുരാചാരോ ഭജതേ മാമനന്യഭാക് !
സാധുരേവ സ മന്തവ്യഃ സമ്യഗ്വ്യവസിതോ ഹി സഃ
ക്ഷിപ്രം ഭവതി ധർമാത്മാ ശശ്വച്ച്ഛാന്തിം നിഗച്ഛതി ।കൗന്തേയ പ്രതിജാനീഹി ന മേ ഭക്തഃ പ്രണശ്യതി!’
സംക്ഷേപാർത്ഥത്തിൽ പറഞ്ഞാൽ
എത്ര വലിയ പാപങ്ങൾ ചെയ്ത ‘ബഹുമാന’പ്പെട്ടവനായാലും, അനന്യഭക്തനായ് എനിക്ക് മാത്രം ശരണാഗതി വരുത്തുന്നവനെ സാദു (ധാർമ്മികൻ) എന്നും കാണണം, എന്നല്ലേ?
അങ്ങനെ ഭക്തനായവൻ ഉടൻ തന്നെ ധാർമ്മികനായി, ശാന്തി പ്രാപിക്കുകയും ചെയ്യും. എന്റെ ഭക്തൻ ഒരിക്കലും നശിക്കുകയില്ല എന്നും കൂടി അർത്ഥമാക്കാമെന്നാണ് അങ്ങ് പറഞ്ഞിട്ടുള്ളതെന്ന് ഓർക്കുമ്പോൾ ഞാൻ ഈ സംഗമത്തെ അനുകൂലിക്കുകയല്ലേ, ജ്യേഷ്ഠാ വേണ്ടത്? പിന്നെ, ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഫ്ലക്സുകളിലും,പരസ്യങ്ങളിലും എൻ്റെ ചിത്രം ഇല്ലെന്ന് പരാതി പറയുന്നതും അങ്ങ് കേട്ടു കാണുമല്ലോ? അത് എന്നെയും,എൻ്റെ സന്ദേശമായ തത്ത്വമസിയെയും ശരിയായി അറിയാത്തവർ പറഞ്ഞ് പരത്തുന്നതാണ്. ‘അഹം ബ്രഹ്മാസ്മി’ എന്നതിൽ എല്ലാമുണ്ട്.ഫ്ലക്സിൽ ആരുടെയെല്ലാം ചിത്രമുണ്ടോ ‘അവരെല്ലാം ബഹുമാനപ്പെട്ട അയ്യപ്പൻമാരാണ്’, കാരണം അവർ ബഹുമാനപ്പെട്ട ഞാൻ തന്നെയാണല്ലോ?
പിന്നെ എന്തിനാണ് എൻ്റെ ചിത്രത്തിൻ്റെ ആവശ്യം അല്ലേ ജ്യേഷ്ഠാ? അതല്ലേ, യഥാർത്ഥ തത്ത്വമസി!പിന്നേ, കനകദുർഗ്ഗ,ബിന്ദു അമ്മിണി,രഹ്‌ന ഫാത്തിമ എന്നിവർ സംഗമത്തിന് ഉണ്ടാകില്ലെന്ന് സംഗമം നടത്തുന്നവർ ഉറപ്പ് നൽകിയിട്ടുണ്ട് കേട്ടോ..പിന്നെ നമ്മൾ എന്തിനാ പേടിക്കുന്നേ,അല്ലേ? എന്തായാലും എൻ്റെ ഭക്തർക്ക് നല്ലത് വരുത്തുന്ന കാര്യത്തിന് ഞാനായിട്ട് എതിര് നിൽക്കുന്നില്ല, മണ്ഡലക്കാലത്ത് ഭക്തർക്ക് കൊടുക്കുന്ന അപ്പം പ്രസാദം കടിച്ച് പല്ലു പോകാതിരിക്കാനുള്ള ചർച്ചയെങ്കിലും നടക്കുമായിരിക്കും.നടക്കട്ടെ! പിന്നേ,ജ്യേഷ്ഠാ ഭൂതഗണങ്ങളോടും,ദ്വാരപാലകരോടും സൂക്ഷിക്കാൻ പറയണം; എപ്പഴാ കൂടെ നിന്നിട്ട് സ്വർണ്ണം അടിച്ചോണ്ട് പോകുന്നതെന്ന് പറയാൻ പറ്റില്ല. ഇവിടെ രണ്ടെണ്ണത്തിൻ്റെ പോയി.ഇനിയിപ്പം പോയിക്കഴിഞ്ഞ് പറഞ്ഞിട്ടെന്ത് കാര്യം?
ഒരു കാര്യം കൂടി, ഈ സംഗമം വിജയിച്ചാൽ അടുത്തത് അങ്ങോട്ടായിരിക്കും, ‘ആഗോള ഗുരുവായൂർ സംഗമം’!! ഗംഭീരമാകും..മുന്നോട്ട് പോകുന്തോറും,’ആഗോള ഗണേശ സംഗമം’,’ആഗോള മഹാദേവ സംഗമം’..നമുക്കാണെങ്കിൽ ഓരോന്ന് വെച്ച് ഒരു കൊല്ലം മുഴുവൻ നടത്തുനുള്ള ആളുകളുണ്ട്..അങ്ങ് എപ്പോഴും പറയുന്നത് പോലെ ‘സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്.. ഇന്ന് നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു, നാളെ അത് മറ്റൊരാളുടേതാകും മാറ്റം പ്രകൃതി നിയമമാണ്’…ശരിയല്ലേ,ജ്യേഷ്ഠാ …
തത്ക്കാലം നിർത്തട്ടെ. അങ്ങയുടെ ഭക്തർക്ക് എല്ലാ ക്ഷേമവുണ്ടാകട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട്,
അനുജൻ
അയ്യപ്പൻ,
സന്നിധാനം പി.ഒ.
ശബരിമല
Discussion about this post