ന്യൂഡൽഹി : 2006-ൽ പാകിസ്താനിൽ വെച്ച് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) സ്ഥാപകനും 26/11 ആക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദുമായുള്ള കൂടിക്കാഴ്ച അന്നത്തെ കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമായിരുന്നു എന്ന് യാസിൻ മാലിക്. ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) തലവൻ യാസിൻ മാലിക് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആണ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. ലഷ്കർ തലവനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നന്ദി പറഞ്ഞിരുന്നതായും യാസിൻ മാലിക് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
“ഇന്ത്യയുടെ ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) നിർദ്ദേശപ്രകാരമായിരുന്നു പാകിസ്താനിൽ പോയി ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി കൂടിക്കാഴ്ച നടത്തിയത്. രാജ്യത്ത് സമാധാനം ഉണ്ടാകുന്നതിനു വേണ്ടിയായിരുന്നു ഈ സന്ദർശനം. അത് ഒരിക്കലും ഒരു വ്യക്തിപരമായ സന്ദർശനമായിരുന്നില്ല. എന്നാൽ ആ കൂടിക്കാഴ്ചയുടെ പേരിൽ താൻ ഭീകരവാദികളെയും ഭീകര സംഘടനകളെയും പിന്തുണയ്ക്കുന്ന ആളായി തെറ്റായി ചിത്രീകരിക്കപ്പെട്ടു. പാകിസ്താൻ സന്ദർശനത്തിന് മുമ്പ് അന്നത്തെ ഐബി സ്പെഷ്യൽ ഡയറക്ടറായിരുന്ന വി കെ ജോഷി ഡൽഹിയിൽ വെച്ച് എന്നെ കണ്ടിരുന്നു. സമാധാന ശ്രമങ്ങൾ വിശ്വസനീയമാക്കുന്നതിന് പാകിസ്താൻ രാഷ്ട്രീയ നേതാക്കളുമായി മാത്രമല്ല, സയീദ് പോലുള്ള തീവ്രവാദികളുമായും കൂടിക്കാഴ്ച നടത്തണമെന്ന് അദ്ദേഹമാണ് ആവശ്യപ്പെട്ടത് ” എന്നും യാസിൻ മാലിക് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
“ന്യൂഡൽഹിയിൽ തിരിച്ചെത്തിയ ശേഷം, എൻഎസ്‌എ എംകെ നാരായണന്റെ സാന്നിധ്യത്തിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കാണുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്തു. ഭീകര നേതാക്കളുമായി ബന്ധപ്പെടാൻ ശ്രമിച്ചതിന് മൻമോഹൻ സിംഗ് തന്നോട് വ്യക്തിപരമായി നന്ദി അറിയിച്ചു. ജമ്മുകശ്മീരിലെ അഹിംസ പ്രസ്ഥാനത്തിന്റെ പിതാവ് എന്നായിരുന്നു കൂടിക്കാഴ്ചയിൽ മൻമോഹൻ സിംഗ് എന്നെക്കുറിച്ച് വിശേഷിപ്പിച്ചത്. എന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച വലിയ ബഹുമതിയായിരുന്നു അത്. വി പി സിംഗ് മുതൽ അടൽ ബിഹാരി വാജ്‌പേയി വരെയുള്ള തുടർച്ചയായ സർക്കാരുകൾ കശ്മീരിലും അന്താരാഷ്ട്ര വേദികളിലും വിവിധ സംഭാഷണങ്ങൾക്ക് എന്നെ ഉപയോഗിച്ചിരുന്നു” എന്നും യാസിൻ മാലിക് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
Discussion about this post