ഇസ്ലാമാബാദ് : സൗദി അറേബ്യയുമായി പരസ്പര പ്രതിരോധ കരാർ ഒപ്പുവച്ചതിന് പിന്നാലെ ഇസ്രായേലിനെതിരെ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി. പുതിയ പ്രതിരോധ ഉടമ്പടി പ്രകാരം ആവശ്യമെങ്കിൽ സൗദി അറേബ്യയ്ക്ക് പാകിസ്താന്റെ ആണവ പദ്ധതി ലഭ്യമാക്കുമെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് അറിയിച്ചു. മിഡിൽ ഈസ്റ്റിലെ ഏക ആണവായുധ രാഷ്ട്രമായ ഇസ്രായേലിനുള്ള സൂചനയായാണ് ഖ്വാജ ആസിഫ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞയാഴ്ച ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യയും പാകിസ്താനും തമ്മിൽ ഒരു പരസ്പര പ്രതിരോധ കരാർ ഒപ്പുവെച്ചത്. ഈ കരാർ പ്രകാരം രണ്ടിൽ ഏതൊരു രാജ്യത്തിന് നേരെ ആക്രമണം ഉണ്ടായാലും ഇരു രാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കുന്നതാണ്. അതിനാൽ തന്നെ ഈ കരാർ പ്രകാരം സൗദി അറേബ്യക്ക് നേരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണം ഉണ്ടായാൽ പ്രതിരോധത്തിനായി പാകിസ്താന് ഇടപെടാൻ കഴിയുന്നതായിരിക്കും.
ഗൾഫ് അറബ് രാജ്യങ്ങളിൽ സുരക്ഷയെക്കുറിച്ച് പുതിയ ആശങ്കകൾ ഉടലെടുത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ ഇത്തരമൊരു നീക്കം നടത്തിയത്. പുതിയ കരാറിന് ശേഷം ജിയോ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പാകിസ്താൻ പ്രതിരോധ മന്ത്രി ആണവായുധങ്ങൾ പങ്കുവെക്കും എന്ന ഭീഷണി മുഴക്കിയത്. ആണവശേഷിയുള്ള ഒരേയൊരു ഇസ്ലാമിക രാജ്യമാണ് പാകിസ്താൻ എന്നുള്ളത് ഈ അവസരത്തിൽ അറബ് രാജ്യങ്ങൾക്കിടയിൽ പാകിസ്താനെ ആശ്രയിക്കുന്നതിനുള്ള സന്നദ്ധത ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം പാകിസ്താൻ പ്രതിരോധ മന്ത്രിയുടെ പരാമർശത്തെക്കുറിച്ച് ഇരു രാജ്യങ്ങളുമായി നിരീക്ഷണ കരാറുകളുള്ള അന്താരാഷ്ട്ര ആണവോർജ ഏജൻസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post