2025 ഏഷ്യാ കപ്പിലെ ഇന്നലെ നടന്ന അവസാന ലീഗ് സ്റ്റേജ് മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ഒമാൻ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 189 റൺ പിന്തുടർന്ന സമയത്ത് ഒമാൻ ഓപ്പണർമാർ 8.2 ഓവറിൽ 56 റൺസ് കൂട്ടിച്ചേർത്തു, ടി20 ചരിത്രത്തിൽ ഇന്ത്യയ്‌ക്കെതിരെ ഒരു അസോസിയേറ്റ് ടീം ആദ്യ വിക്കറ്റിൽ 50-ലധികം റൺസ് കൂട്ടിച്ചേർക്കുന്നത് ഇത് രണ്ടാമത്തെ തവണ മാത്രമാണ്. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ടീം അഫ്ഗാനിസ്ഥാൻ ആയിരുന്നു.
ഓപ്പണർമാരായ ജതീന്ദർ സിംഗും ആമിർ കലീമും മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ ബോളർമാർക്ക് പ്രത്യേകിച്ച് പേസർമാർക്ക് അവരെ ബുദ്ധിമുട്ടിക്കാനായില്ല. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യൻ ടീം തുടക്കത്തിൽ അറിഞ്ഞു എന്ന് തന്നെ പറയാം. എന്തായാലും 33 പന്തിൽ നിന്ന് 32 റൺസ് നേടിയ ഒമാൻ ക്യാപ്റ്റൻ ജതീന്ദറിനെ, ഏഷ്യാ കപ്പിൽ ഫോമിലുള്ള മികച്ച കുൽദീപ് യാദവ് ഒടുവിൽ പുറത്താക്കി.
അതേസമയം ഒമാൻ പോലെ ഉള്ള എതിരാളി വരുമ്പോൾ സ്വാഭാവികമായി ഇന്ത്യ പോലെ ഉള്ള ചാമ്പ്യൻ ടീമിന് തോന്നുന്ന ആത്മവിശ്വാസം, അത് ഇന്ത്യക്ക് ഇന്നലെ അൽപ്പം കൂടുതൽ ആയിരുന്നു എന്ന് തോന്നി. ടോസ് മുതൽ ഇന്ത്യൻ താരങ്ങളുടെ അമിതാത്മവിശ്വാസം കണ്ട മത്സരത്തിൽ ഇന്ത്യ പണി മേടിക്കാതെ രക്ഷപെട്ടത് ഭാഗ്യത്തിന് മാത്രം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 188 റൺ പിന്തുടർന്ന ഒമാൻ 167 റൺ വരെ എത്തി. ഇന്ത്യക്ക് 21 റൺസിന്റെ മങ്ങിയ ജയം.
സ്കോർബോർഡ് മാത്രം നോക്കിയാൽ നിങ്ങളിൽ പലർക്കും ഒന്നും തോന്നില്ല എങ്കിലും മത്സരം കണ്ടവർക്ക് അറിയാം ഇന്ത്യ എത്രത്തോളം ദയനീയം ആയിരുന്നു എന്ന്. ആദ്യം ബാറ്റ് ചെയ്യാൻ ഇന്ത്യ ഇറങ്ങുമ്പോൾ പ്രതീക്ഷിച്ചത് കൂറ്റൻ സ്കോർ ആണെങ്കിൽ സംഭവിച്ചത് മറിച്ചാണ്. തുടക്കത്തിൽ തന്നെ ഗില്ലിന്റെ( 5 ) വിക്കറ്റ് നഷ്‌ടമായ ഇന്ത്യക്കായി പിന്നാലെ അഭിഷേക്- സഞ്ജു സഖ്യം റൺ ഉയർത്തുന്ന ഉത്തരവാദിത്വം ഏറ്റെടുത്തു. 15 പന്തിൽ 38 റൺ എടുത്ത അഭിഷേക് എന്നത്തേയും പോലെ നന്നായി കളിച്ചെങ്കിലും സഞ്ജു തുടക്കത്തിൽ ബുദ്ധിമുട്ടി.
സഞ്ജു റൺ എടുത്ത് തുടങ്ങിയ സമയത്ത് അഭിഷേകിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ ഹാർദിക് 1 റൺ എടുത്ത് റണ്ണൗട്ട് ആയി മടങ്ങിയപ്പോൾ അക്‌സർ പട്ടേൽ 26 റൺസും ശിവം ദുബൈ 5 റൺ നേടിയും മടങ്ങി. തിലക് വർമ്മ നേടിയത് 29 റൺസാണ്. സ്ഥിരമായി ഇറങ്ങുന്ന മൂന്നാം നമ്പർ സ്ലോട്ട് സഞ്ജുവിനായി വിട്ടുകൊടുത്ത സൂര്യകുമാർ ഇന്ന് ബാറ്റ് ചെയ്യാൻ ഇറങ്ങാതെ സഹതാരങ്ങൾക്ക് അവസരം കൊടുത്തെങ്കിലും അത് ആരും മുതലെടുത്തില്ല എന്ന് പറയാം. സഞ്ജു പോലും അർദ്ധ സെഞ്ച്വറി നേടി എങ്കിലും ആ ഇന്നിങ്‌സിസിന് അത്ര മൊഞ്ചിലായിരുന്നു എന്ന് തന്നെ പറയാം. ഒടുവിൽ 188 റൺസാണ് ഇന്ത്യ എതിരാളികൾക്ക് മുന്നിൽ വെച്ചത്.
Discussion about this post