സഞ്ജു സാംസണ് അവസരം കിട്ടുന്നില്ല, കിട്ടുന്നില്ല എന്ന പരാതിക്ക് അവസാനം. ഒമാനെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ഗ്രുപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിലാണ് സഞ്ജു സാംസണ് ആരാധകർ ആഗ്രഹിച്ചത് പോലേ ടോപ് ഓർഡറിൽ അവസരം കിട്ടിയത്. എങ്കിലും കിട്ടിയ അവസരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ സഞ്ജുവിന്റെ ഇന്നിങ്സിന് അത്രത്തോളം മൊഞ്ചില്ലാത്ത ഒന്നാണെന്നാണ് ആരാധകർ പറയുന്നത്. 45 പന്തിൽ 56 റൺ നേടിയ സഞ്ജുവിന്റെ ഇന്നിങ്സിൽ 3 സിക്‌സും 3 ഫോറും ഉണ്ടായിരുന്നു. എങ്കിലും സാധാരണയിൽ നിന്ന് വ്യത്യസ്തമായി ബുദ്ധിമുട്ടുന്ന സഞ്ജുവിനെയാണ് ക്രീസിൽ കണ്ടത്.
ചെറിയ എതിരാളികൾ ആയതിനാൽ തന്നെ അത്രത്തോളം പ്രാധാന്യത്തിൽ അല്ല ഇന്ത്യ മത്സരത്തെ കാണുന്നത് എന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. ഉഴപ്പൻ സമീപനത്തിന്റെ ഭാഗമായി തന്നെ ഓപ്പണർ ഗില്ലിനെ നഷ്ടമായതിന് പിന്നാലെയായിരുന്നു മൂന്നാം നമ്പറിൽ സഞ്ജുവിന്റെ എൻട്രി. സാധാരണ ക്രീസിൽ എത്തിയാൽ തുടക്കം മുതൽ ആധിപത്യം സ്ഥാപിക്കുന്ന സഞ്ജു ബാറ്റ് മിഡിൽ ചെയ്യാൻ കഷ്ടപ്പെട്ടു.
ടൈമിങ്ങിന് ബുദ്ധിമുട്ടിയ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് വല്ലപ്പോഴും മാത്രമാണ് നല്ല ഷോട്ടുകൾ പിറന്നത്. ഒന്ന് രണ്ട് തവണ സഞ്ജുവിനെ പുറത്താക്കാനുള്ള അവസരം ഒമാൻ കളയുകയും ചെയ്തു. എങ്കിലും ഇന്ത്യൻ ഇന്നിങ്സിന്റെ ടോപ് സ്‌കോറർ ആയതും മാൻ ഓഫ് ദി മാച്ച് ആയതും സഞ്ജുവിന് ആശ്വസിക്കാം. വരും മത്സരങ്ങളിൽ താരത്തിന് ഇത് ഊർജ്ജമാകും എന്ന് ഉറപ്പാണ്.
ഇത് കൂടാതെ താരം ഒരു തകർപ്പൻ റെക്കോഡ് നേടിയിട്ടുണ്ട്. ടി 20 ടീയുടെ ചരിത്രത്തിൽ 3 പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായി താരം മാറിയിരിക്കുകയാണ്. പല പ്രമുഖ താരങ്ങൾ കീപ്പർ ആയി വന്ന ടീമിൽ ചുരുങ്ങിയ അവസരങ്ങളിൽ ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചതിൽ സഞ്ജുവിന് അഭിമാനിക്കാം.
എന്തായാലും അടുത്ത മത്സരത്തിൽ കൂടുതൽ മെച്ചപ്പെട്ട സഞ്ജു ഇന്നിങ്സ് ആരാധകർ താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post